
ജയിലിൽ നിന്ന് സി.ബി.ഐക്ക് കത്ത്
ന്യൂഡൽഹി: കോളിളക്കമുണ്ടാക്കിയ ഷീനാ ബോറ കൊലക്കേസിൽ പുതിയ ട്വിസ്റ്റ് ! ഷീനാ ബോറ കാശ്‌മീരിൽ ജീവിച്ചിരിപ്പുണ്ടെന്നും ഇക്കാര്യം സി.ബി.ഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് അമ്മ ഇന്ദ്രാണി മുഖർജി ജയിലിൽ നിന്ന് സി.ബി.ഐ മേധാവിക്ക് കത്തെഴുതി.
ആദ്യ വിവാഹത്തിലെ പുത്രിയായ ഷീന ബോറയെ കൊലപ്പെടുത്തിയ കേസിൽ 2015 മുതൽ മുംബയിലെ ബൈക്കുള വനിതാ ജയിലിൽ വിചാരണത്തടവുകാരിയാണ് മുൻ മാദ്ധ്യമ സ്ഥാപന ഉടമയായ ഇന്ദ്രാണി മുഖർജി (49). പുറംലോകത്തോട് സഹോദരിയാണെന്ന് പറഞ്ഞിരുന്ന ഷീന ബോറ 2012ലാണ് കൊല്ലപ്പെട്ടത്.
ജയിലിൽ പരിചയപ്പെട്ട ഒരു തടവുകാരി ഷീന ബോറയെ കാശ്‌മീരിൽ വച്ചു കണ്ടെന്ന് പറഞ്ഞെന്നാണ് ഇന്ദ്രാണിയുടെ കത്തിലുള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ദ്രാണി മുഖർജിക്കായി പുതിയ ജാമ്യാപേക്ഷ സമർപ്പിക്കുമെന്ന് അവരുടെ അഭിഭാഷക സനാ ഖാൻ പറഞ്ഞു.
ഇന്ദ്രാണി മുഖർജിയുടെ അവകാശവാദങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ ഗൗരവത്തോടെ കാണുന്നില്ല. ഷീന ബോറയെ കൊലപ്പെടുത്തിയത് ഇന്ദ്രാണി മുഖർജിയാണെന്നും അവരുടെ ഡ്രൈവർ ശ്യാംവർ റായിയും രണ്ടാം ഭർത്താവ് സഞ്ജീവ് ഖന്നയും കൊല നടത്താൻ സഹായിച്ചെന്നുമാണ് സി.ബി.ഐ കേസ്. ഇന്ദ്രാണി അറസ്റ്റിലായി മൂന്നു മാസത്തിന് ശേഷം അവരുടെ ആദ്യഭർത്താവ് പീറ്റർ മുഖർജിയെയും കൊലപാതകത്തിന് സഹായിച്ച കുറ്റത്തിന് അറസ്റ്റ് ചെയ്‌തിരുന്നു. പീറ്റർ മുഖർജിയുടെ ആദ്യ വിവാഹത്തിലെ പുത്രൻ രാഹുൽ മുഖർജിയുമായുള്ള ഷീന ബോറയുടെ ബന്ധമാണ് കൊല നടത്താൻ ഇന്ദ്രാണിയെ പ്രകോപിപ്പിച്ചതെന്നാണ് സി.ബി.ഐയുടെ കണ്ടെത്തൽ. ഇരുവരും തമ്മിൽ പണമിടപാടിനെ ചൊല്ലി തർക്കമുണ്ടായിരുന്നെന്നും ഇന്ദ്രാണിയെ ഷീന ഭീഷണിപ്പെടുത്തിയിരുന്നെന്നും അതും കൊലയ്‌ക്ക് കാരണമായെന്നും കണ്ടെത്തി.
കൊലപാതകത്തിന് ശേഷം, ഷീന അമേരിക്കയിലാണെന്നാണ് ഇന്ദ്രാണി പ്രചരിപ്പിച്ചിരുന്നത്. 2012ലാണ് കൊല നടന്നത്. മൂന്ന് വർഷത്തിന് ശേഷം ഇന്ദ്രാണി മുഖർജിയുടെ ഡ്രൈവർ മറ്റൊരു കേസിൽ അറസ്റ്റിലായപ്പോഴാണ് ഷീനയുടെ കൊലപാതകം വെളിപ്പെട്ടത്. ഇന്ദ്രാണിയും ഡ്രൈവറും ഖന്നയും ചേർന്ന് ഷീനയെ വാടകക്കാറിൽ കയറ്റി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി മൃതദേഹം മുംബയ്‌ക്ക് സമീപം വനപ്രദേശത്ത് പെട്രോൾ ഒഴിച്ചു കത്തിച്ചെന്നാണ് സി.ബി.ഐ കണ്ടെത്തിയത്. ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മൃതദേഹാവശിഷ്ടങ്ങൾ അവിടെ നിന്ന് കണ്ടെടുത്തിരുന്നു.
2017ലാണ് കേസിന്റെ വിചാരണ തുടങ്ങിയത്. 60 സാക്ഷികളെ വിസ്തരിച്ചു. ജയിലിൽ കഴിയുമ്പോഴാണ് ഇന്ദ്രാണിയും പീറ്റർ മുഖർജിയും വിവാഹ മോചിതരാവുന്നത്. പീറ്ററിന് കഴിഞ്ഞ വർഷം ജാമ്യം ലഭിച്ചിരുന്നു.