
ശരീരത്തിന്റെ സംരക്ഷണത്തിൽ നാരുകൾ വളരെയധികം പ്രാധാന്യം വഹിക്കുന്നുണ്ട്. സസ്യാഹാരങ്ങളിൽ മാത്രം കാണപ്പെടുന്ന ഒരു അന്നജമാണ് നാരുകൾ അഥവാ ഫൈബർ. മറ്റ് അന്നജങ്ങളെപ്പോലെ ഇത് ഗ്ലൂക്കോസ് ആയി മാറപ്പെടാത്തതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു. നാരുകള്‍ അടങ്ങിയവ കഴിക്കുമ്പോള്‍ വയര്‍ പെട്ടെന്ന് നിറഞ്ഞതായി തോന്നും. അതിനാൽ ഭക്ഷണം കഴിക്കുന്നതിന്‍റെ അളവ് കൂടാതിരിക്കും. മലബന്ധം ഇല്ലാതാക്കാനും നാരുകളുള്ള ഭക്ഷണങ്ങൾ ശീലമാക്കാം. ജലത്തിൽ ലയിക്കുന്ന നാരുകൾ രക്തത്തിലെ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. ധാന്യങ്ങളുടെ തവിടിൽ നാരുകള്‍ അടങ്ങിയിട്ടുണ്ട്. റാഗി, ബാര്‍ലി, കുത്തരി, ചോളം എന്നിവ ശീലമാക്കാം. കടല, ചെറുപയര്‍, സോയ, മുതിര, ചീര, കാബേജ്, കോളിഫ്ളവര്‍, പാവയ്ക്ക, വഴുതനങ്ങ, മത്തങ്ങ, വെണ്ടയ്ക്ക, ആപ്പിൾ, കിവി, പാഷന്‍ ഫ്രൂട്ട്, പേരയ്ക്ക, മാതളം, നെല്ലിക്ക, മുന്തിരി, നിലക്കടല, നട്സ് തുടങ്ങിയവയിൽ നാരുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്.