
ന്യൂഡൽഹി: മഹാത്മാഗാന്ധിക്കും വല്ലഭായ് പട്ടേലിനും ശേഷം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയ്ക്ക് ആഗോള അംഗീകാരം ലഭിച്ചെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ. കാർഷിക, ഭക്ഷ്യ സംസ്കരണത്തെക്കുറിച്ചുള്ള ദേശീയ ഉച്ചകോടിയിൽ സംസാരിക്കവെയായിരുന്നു കേന്ദ്രമന്ത്രി ഇങ്ങനെ പറഞ്ഞത്.
'ഗാന്ധിജിക്കും പട്ടേലിനും ശേഷം, പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ, ഇന്ത്യയ്ക്ക് ആഗോള അംഗീകാരം ലഭിച്ചു. ഇന്ത്യ അവഗണിക്കപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു, എന്നാൽ ഇന്ന് ഇന്ത്യയുടെ സമവായമില്ലാതെ ഒരു രാജ്യത്തിന്റെയും അജണ്ട നിറവേറ്റപ്പെടുന്നില്ല' -തോമർ പറഞ്ഞു.
'താജ്‌മഹൽ നിർമ്മിച്ച തൊഴിലാളികളുടെ കൈകൾ ഷാജഹാൻ വെട്ടിമാറ്റിയപ്പോൾ കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളികളായ തൊഴിലാളികളെ പ്രധാനമന്ത്രി പുഷ്പാർച്ചന നടത്തി ആദരിക്കുകയാണ് ചെയ്തത്. ഓരോ വ്യക്തിക്കും അദ്ദേഹം നൽകുന്ന ബഹുമാനത്തിന്റെ ഉദാഹരണമാണിതെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
കഴിഞ്ഞദിവസമാണ് കാശി വിശ്വനാഥ ക്ഷേത്രത്തെ ഗംഗാ നദീതീരവുമായി ബന്ധിപ്പിക്കുന്ന കാശി വിശ്വനാഥ് ഇടനാഴി പ്രധാനമന്ത്രി രാജ്യത്തിനു തുറന്നുകൊടുത്തത്. 800 കോടി രൂപയുടെ പദ്ധതിയുടെ ആദ്യഘട്ടത്തിനായി 339 കോടി രൂപയാണ് ചെലവഴിച്ചത്. പ്രശസ്ത ആര്‍ക്കിടെക്റ്റ് ഭിമല്‍ പട്ടേലാണ് ഇടനാഴി രൂപകല്പന ചെയ്തത്.