
വാഷിംഗ്ടൺ: പ്രശസ്ത അമേരിക്കൻ എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയും അദ്ധ്യാപികയും ഫെമിനിസ്റ്റുമായ ബെൽ ഹൂക്സ് അന്തരിച്ചു. 69 വയസായിരുന്നു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് ബുധനാഴ്ച കെന്റക്കിയിലെ വീട്ടിലായിരുന്നു അന്ത്യം.
വർണവിവേചനം, വർഗം, ലിംഗഭേദം,സാമ്പത്തിക ശാസ്ത്രം, രാഷ്ട്രീയം എന്നീ വിഷയങ്ങളിൽ ഹൂക്സ് നടത്തിയ പഠനങ്ങളും നിരീക്ഷണങ്ങളും രാജ്യാന്തര തലത്തിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ 40 വർഷമായി ആഗോളതലത്തിൽ ഈ വിഷയങ്ങളിൽ അക്കാദമികവും ജനകീയവുമായ സംവാദങ്ങൾ രൂപീകരിക്കാൻ ഹൂക്സ് വിപ്ളവകരമായ നേതൃത്വം വഹിച്ചു.
1952 സെപ്തംബർ 25ന് കെന്റക്കിയിലെ ഒരു ആഫ്രിക്കൻ - അമേരിക്കൻ കുടുംബത്തിൽ ജനിച്ച ഹൂക്സിന്റെ യഥാർത്ഥ പേര് ഗ്ലോറിയ ജീൻ വാറ്റ്കിൻസ് എന്നായിരുന്നു. 1976 ൽ യൂണിവേഴ്സിറ്റി ഒഫ് സൗത്ത് കാലിഫോർണിയയിൽ ഇംഗ്ലീഷ് അദ്ധ്യാപികയായാണ് ഹൂക്സ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. തന്റെ മുത്തശിയായ ബെൽ ബ്ലെയർ ഹൂക്സിനോടുള്ള ആദര സൂചകമായാണ് ബെൽ ഹൂക്സ് എന്ന തൂലികാ നാമം സ്വീകരിച്ചത്. 1978 ൽ പ്രസിദ്ധീകരിച്ച 'ആൻഡ് ദെയർ വി വെപ്റ്റ്" എന്ന കവിതാ സമാഹാരത്തിലൂടെ ഹൂക്സ് സാഹിത്യത്തിൽ അരങ്ങേറ്റം കുറിച്ചു. 1981ൽ പുറത്തിറങ്ങിയ "ഞാനൊരു സ്ത്രീയല്ലേ (Ain't I a Woman?)' എന്ന കൃതിയിലൂടെയാണ് ഹൂക്സ് ലോകശ്രദ്ധ നേടിയത്. ഇതിലൂടെ സമൂഹത്തിൽ കറുത്ത വർഗക്കാരായ സ്ത്രീകൾ നേരിടുന്ന വിവേചനം, പുരുഷാധിപത്യം, ഫെമിനിസം എന്നിവയെക്കുറിച്ചുള്ള ഒരു അവലോകനമായിരുന്നു ആ പുസ്തകത്തിലൂടെ ഹൂക്സ് നടത്തിയത്. തുടർന്ന് കുട്ടികളുടെ രചനകൾ, സാഹിത്യ നിരൂപണം, ഓർമ്മക്കുറിപ്പുകൾ, കവിതാസമാഹാരങ്ങൾ തുടങ്ങി 40 ഓളം പുസ്തകങ്ങൾ രചിച്ചു.