mofiya

പിശക് സംഭവിച്ചതാണെന്ന് അപേക്ഷയിൽ

ആലുവ: നിയമവിദ്യാർത്ഥിനി മോഫിയ പർവീൻ ആത്മഹത്യ ചെയ്യാനിടയാക്കിയ സംഭവത്തിൽ നടപടിയാവശ്യപ്പെട്ട് സമരം നടത്തിയവർക്കെതിരെ റിമാൻഡ് റിപ്പോർട്ടിൽ തീവ്രവാദക്കുറ്റം ആരോപിച്ചത് പിശകായതിനാൽ പരാമർശം നീക്കണമെന്നാവശ്യപ്പെട്ട് പൊലീസ് ആലുവ ജുഡീഷ്യൽ ഫസ്റ്റ്ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷനൽകി.

ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒയാണ് ഇത് സംബന്ധിച്ച അപേക്ഷ കോടതിക്ക് നൽകിയത്.

ഒന്നാംപ്രതി കെ.എസ്.യു നിയോജകമണ്ഡലം പ്രസിഡന്റ് അൽ അമീൻ അഷറഫ്, നാലാംപ്രതി യൂത്ത് കോൺഗ്രസ് മുൻ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി എം.എ.കെ നജീബ്, അഞ്ചാംപ്രതി യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം വൈസ് പ്രസിഡന്റ് അനസ് പള്ളിക്കുഴി എന്നിവരെയാണ് കഴിഞ്ഞ 10ന് പൊലീസ് പിടികൂടി കോടതിയിൽ ഹാജരാക്കിയത്. പൊലീസ് കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതായി പ്രതിഭാഗം അഭിഭാഷകൻ ചൂണ്ടിക്കാട്ടിയതിനെത്തുടർന്ന് അന്നുതന്നെ പ്രതികൾക്ക് കോടതി താത്കാലിക ജാമ്യംനൽകി. 13ന് വീണ്ടും ഹാജരായപ്പോൾ കോടതി ഉപാധിയില്ലാതെ ജാമ്യംനൽകുകയും ചെയ്തു.

റിമാൻഡ് റിപ്പോർട്ടിൽ തെറ്റായ പരാമർശം രേഖപ്പെടുത്തിയതിനെതിരെ അൻവർ സാദത്ത് എം.എൽ.എ മുഖ്യമന്ത്രിക്ക് പരാതി നൽകിയതിനെത്തുടർന്ന് ആലുവ പ്രിൻസിപ്പൽ എസ്.ഐ ആർ. വിനോദ്, ഗ്രേഡ് എസ്.ഐ രാജേഷ് എന്നിവരെ സസ്‌പെൻഡ് ചെയ്തു. നടപടികളുടെ തുടർച്ചയെന്ന നിലയിലാണ് റിമാൻഡ് റിപ്പോർട്ടിലെ പരാമർശം നീക്കാൻ പൊലീസ് കോടതിയിൽ അപേക്ഷനൽകിയത്.