cricket

മുംബയ്. ക്യാപ്ടൻസി വിവാദത്തിലെ വിരാട് കൊഹ്‌ലിയുടെ പരസ്യപ്രസ്താവനകളെക്കുറിച്ച് ചർച്ചകൾ വേണ്ടെന്ന് ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ആ വിഷയം വേണ്ടവിധത്തിൽ ബി.സി.സി.ഐ കൈകാര്യം ചെയ്യുമെന്നും സൗരവ് അറിയിച്ചു. ഇക്കാര്യത്തിൽ ബി.സി.സി.ഐ പ്രത്യേക വാർത്താ സമ്മേളനം വിളിക്കുകയോ പ്രസ്താവന പുറപ്പെടുവിക്കുകയോ ചെയ്യില്ലെന്നും സൗരവ് വ്യക്തമാക്കി.

ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് തിരിക്കും മുമ്പ് നടത്തിയ വാർത്താ സമ്മേളനത്തിലെ വിരാടിന്റെ പരാമർശമാണ് വിവാദങ്ങൾക്ക് കാരണം. ട്വന്റി-20 ടീമിന്റെ നായകസ്ഥാനം ഒഴിയരുതെന്ന് താൻ കൊഹ്‌ലിയോട് വ്യക്തിപരമായി ആവശ്യപ്പെട്ടിരുന്നുവെന്ന ഗാംഗുലിയുടെ പ്രസ്താവന ഈ വാർത്താ സമ്മേളനത്തിൽ വിരാട് നിഷേധിച്ചിരുന്നു.

നായകസ്ഥാനം ഒഴിയാനുള്ള തന്റെ തീരുമാനം ബി.സി.സി.ഐയും സെലക്ടർമാരും സന്തോഷത്തോടെയാണ് സ്വീകരിച്ചതെന്നും വിരാട് വ്യക്തമാക്കിയിരുന്നു. ഇതോടെ സൗരവ് കള്ളം പറഞ്ഞെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് സൗരവിന്റെ പ്രതികരണം.

വിരാടിന്റെയും സൗരവിന്റെയും പ്രസ്താവനകളെ വിമർശിച്ച് മുൻ ഇന്ത്യൻ ക്യാപ്ടന്മാരായ കപിൽദേവും സുനിൽ ഗാവസ്കറും രംഗത്തെത്തിയിരുന്നുകൊഹ്‌ലിയായാലും ഗാംഗുലിയായാലും ഒരാളെക്കുറിച്ച് പരസ്യമായി മോശം പറയുന്നത് നല്ല കാര്യമല്ലെന്ന് കപിൽ ദേവ് പറഞ്ഞു. എന്നാൽ വിഷയത്തിൽ വ്യക്തത വരുത്തേണ്ടത് ഗാംഗുലി ആണെന്ന് ഗാവസ്‌കർ അഭിപ്രായപ്പെട്ടു.

ഇന്ത്യൻ ടീം ദക്ഷിണാഫ്രിക്കയിൽ.

ടെസ്റ്റ്,ഏകദിന പരമ്പരകൾക്കായി ഇന്ത്യൻ ക്രിക്കറ്റ് ടീം വിരാട് കൊഹ്‌ലിയുടെ നേതൃത്വത്തിൽ ദക്ഷിണാഫ്രിക്കയിലെത്തി.ഒമിക്രോൺ പശ്ചാത്തലത്തിൽ കനത്ത സുരക്ഷാമുന്നൊരുക്കങ്ങളുമായാണ് ഇന്ത്യയുടെ യാത്ര. മുംബയ്‌യിൽ ബയോ ബബിളിൽ കഴിഞ്ഞിരുന്ന ടീം ദക്ഷിണാഫ്രിക്കയിലെത്തി ക്വാറന്റൈനിൽ പ്രവേശിച്ചു. 18 അംഗമാണ് ടീമാണ് മൂന്ന് ടെസ്റ്റുകളുടെ പരമ്പരയ്ക്കുള്ളത്. പരിക്കേറ്റ ഏകദിന, ട്വന്റി-20 ക്യാപ്ടൻ രോഹിത് ശർമ്മ ടെസ്റ്റ് ടീമിലില്ല.