
തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന യു.എ.പി.എ തടവുകാരൻ വയനാട് മേപ്പാടി മുക്കിൽപ്പീടിക നേർച്ചക്കണ്ടി വീട്ടിൽ ഇബ്രാഹിം എന്ന ബാബുവിന് (68) ജാമ്യം. കർശന ഉപാധികളോടെയാണ് ജാമ്യം. മാവോവാദി ബന്ധം ആരോപിച്ച് 2015ൽ തിക്കോടിയിൽ നിന്നാണ് ഇബ്രാഹിമിനെ അറസ്റ്റ് ചെയ്തത്. ഇബ്രാഹിമിന് ഹൃദ്രോഗവും പ്രമേഹവും മൂലം ഗുരുതര ആരോഗ്യ പ്രശ്‌നമുള്ളതായും അടിയന്തര ചികിത്സ ലഭ്യമാക്കണമെന്നും ഗവ. മെഡിക്കൽ കോളേജിലെ മെഡിക്കൽ ബോർഡ് ജയിൽ അധികൃതർക്ക് നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു.
കഴിഞ്ഞ ആഴ്ച മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്ന ഇബ്രാഹിമിനെ ജയിലിൽ തിരിച്ചെത്തിച്ചെങ്കിലും ആരോഗ്യ നിലയിൽ കാര്യമായ മാറ്റമുണ്ടായിരുന്നില്ല. ഇബ്രാഹിമിനെതിരായ കേസ് ഇപ്പോഴും വിചാരണയിലാണ്. ആരോഗ്യാവസ്ഥ മോശമായതിനെ തുടർന്ന് വിചാരണക്കിടെ തളർന്നു വീണിരുന്നു. രണ്ടു തവണ ഹൃദയാഘാതമുണ്ടായി. ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ അനുഭവപ്പെടുന്ന ഇബ്രാഹിമിന് പരോൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കളും മനുഷ്യാവകാശ പ്രവർത്തകരും മുഖ്യമന്ത്രിക്ക് പരാതി നൽകിയെങ്കിലും തീരുമാനമുണ്ടായിരുന്നില്ല.
ഇന്ന് ഹൈക്കോടതി കേസ് പരിഗണിച്ചപ്പോൾ ആരോഗ്യവസ്ഥ ചൂണ്ടിക്കാണിക്കുകയായിരുന്നു. എറണാകുളം ജില്ല വിട്ടുപോകാൻ പാടില്ല. ചികിത്സയും എറണാകുളത്തുതന്നെ വേണം. സാങ്കേതിക കാരണങ്ങളാൽ വിചാരണ തടസപ്പെടാൻ പാടില്ല എന്നിങ്ങനെ നിബന്ധനകളാണ് ജാമ്യവ്യവസ്ഥയിലുള്ളത്.