sbi

കൊച്ചി: രാജ്യത്ത് വായ്‌പാ പലിശയിളവിന്റെ കാലം അവസാനിക്കുന്നുവെന്ന സൂചനയുമായി എസ്.ബി.ഐ അടിസ്ഥാന വായ്‌പാ പലിശനിരക്ക് (ബേസ്റേറ്റ്) ഡിസംബർ 15ന് പ്രാബല്യത്തിൽ വന്നവിധം 0.10 ശതമാനം ഉയർത്തി 7.55 ശതമാനമാക്കി. 2016 മാർച്ചിന് മുമ്പുള്ള ബേസ്‌റേറ്റ് അടിസ്ഥാനത്തിൽ വായ്‌പ എടുത്തുവർക്കും നിലവിൽ ബേസ്‌റേറ്റിൽ തന്നെ തുടരുന്നവർക്കുമാണ് ബാധകം.

2016 മാർച്ചിന് ശേഷം ബാങ്കുകൾ അവതരിപ്പിച്ച എം.സി.എൽ.ആർ., റിപ്പോ ഉൾപ്പെടെയുള്ള എക്‌സ്‌റ്റേണൽ ബെഞ്ച്മാർക്ക് (ഇ.ബി.ആർ) എന്നിവ അടിസ്ഥാനമായുള്ള വായ്‌പകൾ എടുത്തവർക്ക് പലിശ വർദ്ധന ബാധകമല്ല. പുതുതായി വായ്‌പ തേടുന്നവരെയും ബാധിക്കില്ല; കാരണം ബേസ്‌റേറ്റ് അടിസ്ഥാനമാക്കി ഇപ്പോൾ ബാങ്കുകൾ വായ്‌പ നൽകുന്നില്ല.

ബേസ്‌റേറ്റ് വായ്പാ ഇടപാടുകാർക്ക് എം.സി.എൽ.ആർ അല്ലെങ്കിൽ ഇ.ബി.ആറിലേക്ക് വായ്‌പ മാറ്റി പലിശഭാരം കുറയ്ക്കാനാകും. ഇതിനായി അതത് ബാങ്ക് ശാഖകളുമായി ബന്ധപ്പെടണം. അതേസമയം, എം.സി.എൽ.ആർ., ഇ.ബി.ആർ നിരക്കുകളും വൈകാതെ ബാങ്കുകൾ ഉയർത്തിയേക്കുമെന്നാണ് സൂചനകൾ. എസ്.ബി.ഐയുടെ പാത മറ്റു ബാങ്കുകളും പിന്തുടർന്നേക്കും.

നിക്ഷേപകർക്ക് നേട്ടം

സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്കും ബാങ്കുകൾ ഉയർത്തുന്നുണ്ട്. എസ്.ബി.ഐ രണ്ടുകോടി രൂപയ്ക്കുമേലുള്ള നിക്ഷേപങ്ങളുടെ പലിശനിരക്ക് കൂട്ടി. എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവയും വിവിധ കാലാവധിയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ വർദ്ധിപ്പിച്ചു. 2.50 ശതമാനം മുതൽ 5.50 ശതമാനം വരെയാണ് എച്ച്.ഡി.എഫ്.സി ബാങ്കിന്റെ പുതുക്കിയ നിരക്കുകൾ; മുതിർന്ന പൗരന്മാർക്ക് മൂന്നുമുതൽ 6.25 ശതമാനം വരെ.