ramnath-kovind

ന്യൂഡൽഹി: ബംഗ്ലാദേശിൽ 1971ലെ യുദ്ധ വിജയത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും അമ്പതാം വാർഷികാഘോഷ ചടങ്ങുകളിൽ മുഖ്യാതിഥിയായി ഇന്ത്യൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ്.

ധാക്കയിലെ ദേശീയ പരേഡ് മൈതാനത്ത് നടന്ന ചടങ്ങിൽ ബംഗ്ലാദേശ് പ്രസിഡന്റ് അബ്ദുൾ ഹമീദ്, പ്രധാനമന്ത്രി ഷേഖ് ഹസീന എന്നിവർക്കൊപ്പം രാംനാഥ് കോവിന്ദ് യുദ്ധത്തിൽ പങ്കെടുത്ത സൈനികരെയും സ്വാതന്ത്യ പോരാളികളെയും അനുസ്മരിച്ചു.

സൈനികരുടെ മാർച്ച് പാസ്റ്റ്, വ്യോമാഭ്യാസപ്രകടനം തുടങ്ങിയവയും ചടങ്ങിനോടനുബന്ധിച്ചുണ്ടായിരുന്നു. ഇന്ത്യൻ സായുധ സേനകളിൽ നിന്നുള്ള 122 അംഗ സംഘവും റഷ്യ, ഭൂട്ടാൻ മിലിട്ടറി സംഘങ്ങളും പരേഡിൽ പങ്കെടുത്തു. ബംഗ്ലാദേശ് പ്രസിഡന്റ് അബ്ദുൾ ഹമീദ്, പ്രധാനമന്ത്രി ഷേഖ് ഹസീന എന്നിവർ സൈനികരെ അഭിവാദ്യം ചെയ്തു.

ബംഗ്ലാദേശിൽ ഔദ്യോഗികമായി നടത്തുന്ന ഒരാഴ്ചത്തെ വിജയ് ദിവസ് ആഘോഷ പരിപാടിയിലേക്ക് പ്രത്യേകം ക്ഷണിച്ചതനുസരിച്ചാണ് മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ബംഗ്ലാദേശിലെത്തിയത്. പാകിസ്ഥാനിൽ നിന്ന് ബംഗ്ലാദേശ് സ്വാതന്ത്ര്യം നേടിയതിന്റെ ജൂബിലി ആഘോഷങ്ങളുടെ മുഖ്യാതിഥിയായെത്തിയ അദ്ദേഹത്തിന് ഉജ്ജ്വല വരവേൽപ്പാണ് ലഭിച്ചത്.