
ന്യൂഡൽഹി: കൂനൂർ ഹെലികോപ്ടർ അപകടത്തിൽപ്പെട്ട് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയവെ അന്തരിച്ച ഗ്രൂപ്പ് ക്യാപ്ടൻ വരുൺ സിംഗിന്റെ (39) മൃതദേഹം ഇന്നലെ വൈകിട്ട് ഭോപ്പാലിൽ എത്തിച്ചു. ബംഗളൂരു യെലഹങ്ക എയർബേസിൽ സേനാംഗങ്ങൾ അന്തിമോപചാരം അർപ്പിച്ച ശേഷം സൈനിക വിമാനത്തിലാണ് മൃതദേഹം ഭോപ്പാലിൽ എത്തിച്ചത്.
ഭോപ്പാൽ രാജാ ഭോജ് എയർപോർട്ടിൽ സൈനികരും വിവിധ രാഷ്ട്രീയ നേതാക്കളും അന്തിമോപചാരം അർപ്പിച്ചു. ശൗര്യചക്ര ജേതാവായ വരുൺ സിംഗിന്റെ കുടുംബാംഗങ്ങളും ബംഗളൂരുവിൽ എത്തിയിരുന്നു. സംസ്കാരച്ചടങ്ങുകൾ ഇന്ന് രാവിലെ 11മണിയോടെ ഔദ്യോഗിക ബഹുമതികളോടെ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. 80 ശതമാനത്തിലേറെ പൊള്ളലേറ്റ വരുൺ സിംഗ് ബുധനാഴ്ച രാവിലെ ബംഗളൂരു കമാൻഡ് ഹോസ്പിറ്റലിൽ വച്ചാണ് മരണത്തിന് കീഴടങ്ങിയത്.
ഗീതാഞ്ജലിയാണ് ഭാര്യ. രദ്ധുമൻ സിംഗ്, ആരാധ്യ സിംഗ് എന്നിവരാണ് മക്കൾ. റിട്ട. കേണൽ കെ.പി. സിംഗ്, ഉമാ സിംഗ് എന്നിവരാണ് വരുൺ സിംഗിന്റെ മാതാപിതാക്കൾ. സഹോദരൻ തനൂജ് സിംഗ് നാവികസേനയിൽ ലെഫ്. കമാൻഡ് ആണ്. വരുൺ സിംഗിന്റെ കുടുംബത്തിന് ഒരു കോടി രൂപ നൽകുമെന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു.