
ചക്കരക്കൽ (കണ്ണൂർ ):ഗർഭിണിയുടെ കഴുത്തിന് കുത്തിപ്പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് ഓടിരക്ഷപ്പെട്ടു. ചക്കരക്കൽ പനയത്താംപറമ്പ് തറമ്മലിലെ പാർത്ഥിവം വീട്ടിൽ പി. പ്രേമന്റെയും സുധയുടെയും മകൾ പ്രിമ്യ (30)യെയാണ് ഭർത്താവ് കൂത്തുപറമ്പ് നീർവേലി സ്വദേശി ഷൈജേഷ്(40) കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ പ്രിമ്യയുടെ വീട്ടിൽവച്ചാണ് സംഭവം.
മദ്യപിച്ചെത്തിയ ഷൈജേഷ് പോക്കറ്റിൽ കരുതിയ പേനാക്കത്തികൊണ്ട് കുത്തുകയായിരുന്നു. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ യുവതിയെ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ അപകടനില തരണം ചെയ്തു. കുത്താൻ ഉപയോഗിച്ച കത്തി ഒടിഞ്ഞനിലയിലാണ്. സംഭവസമയത്ത് യുവതിയുടെ അമ്മ മാത്രമെ വീട്ടിലുണ്ടായുള്ളൂ. നിലവിളി കേട്ട് ഓടിയെത്തിയ സമീപത്തെ കടക്കാരനാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്. പ്രകോപനത്തിന്റെ കാരണം വ്യക്തമല്ല.
സംഭവശേഷം വീട്ടിൽനിന്നിറങ്ങിയോടിയ ഷൈജേഷിനെ പിടികൂടാൻ ചക്കരക്കൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. പ്രിമ്യയുടെ രണ്ടാം വിവാഹമാണിത്. ആദ്യവിവാഹത്തിൽ ഒരാൺകുട്ടിയുണ്ട്.ഒരു വർഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. ഏഴ് മാസം ഗർഭിണിയായ പ്രിമ്യയുടെ ചികിത്സാസംബന്ധമായ ആവശ്യത്തിനാണ് നാലു ദിവസം മുമ്പ് ബംഗളൂരുവിലെ ജോലി സ്ഥലത്തുനിന്നു ഷൈജേഷ് നാട്ടിലെത്തിയത്.