p

കൊച്ചി: സിനിമയിൽ മേക്കപ്പ് ആർട്ടിസ്റ്റായി ജോലിവാങ്ങിത്തരാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ പീഡിപ്പിച്ചശേഷം യുവതിയുടെയും ബന്ധുക്കളുടെയും മൂന്നരലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലെ പ്രതി പിടിയിൽ. ഒളിവിൽ കഴിയുകയായിരുന്ന തിരുവനന്തപുരം മഞ്ഞാമല താറാവിളവീട്ടിൽ സുരേഷ്‌കുമാറിനെയാണ് (46) ചേരാനെല്ലൂർ പൊലീസ് അറസ്റ്റുചെയ്തത്.
ഇടപ്പള്ളി പോണേക്കര സ്വദേശിയായ യുവതിയെ ഷൂട്ടിംഗ് ലൊക്കേഷനിലേക്കെന്ന് പറഞ്ഞു വിവിധ സ്ഥലങ്ങളിലെ ലോഡ്ജുകളിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വിവിധ ജില്ലകളിലായി ഇയാൾക്കെതിരെ സമാന രീതിയിലുള്ള തട്ടിപ്പ് കേസുകളും പരാതികളുമുണ്ട്.
എറണാകുളം സെൻട്രൽ എ.സി.പി സി. ജയകുമാറിന്റെ നിർദ്ദേശപ്രകാരം ചേരാനല്ലൂർ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ കെ.ജി. വിപിൻകുമാർ, സബ് ഇൻസ്‌പെക്ടർമാരായ കെ.എം. സന്തോഷ്മോൻ, ആർ.എസ്. വിപിൻ, ടി.എക്‌സ്. ജെയിംസ്, എ.എസ്.ഐ ബിനു, സീനിയർ സി.പി.ഒ സിഗോഷ്, സി.പി.ഒ നിതിൻ, അനീഷ് എന്നിവരുൾപ്പെട്ട അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.