bipin

ന്യൂഡല്‍ഹി: സംയുക്ത സൈനിക മേധാവി ജനറൽ ബിപിന്‍ റാവത്ത് ഉള്‍പ്പടെയുള്ളവരുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തിന്റെ കാരണമറിയാനുള്ള അന്വേഷണം 15 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാകും.

"നിലവില്‍ അന്വേഷണ സംഘം ദൃക്‌സാക്ഷികളുടെ മൊഴികള്‍ രേഖപ്പെടുത്തുകയും വിവിധ ഡാറ്റകളുമായി ബന്ധപ്പെട്ട പരിശോധനകള്‍ നടത്തുകയുമാണ്. അടുത്ത 15 ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്"- ഉന്നത സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ടുചെയ്തു.

വ്യോമസേന എയര്‍ ചീഫ് മാര്‍ഷല്‍ വി.ആര്‍ ചൗധരിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണ സംഘം പ്രവര്‍ത്തിക്കുന്നത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന് ഓരോദിവസത്തെയും റിപ്പോർട്ട് അന്വേഷണ സംഘം കൈമാറുന്നുമുണ്ട്.

ഡിസംബര്‍ എട്ടിനാണ് സുലൂരില്‍ നിന്ന് വെല്ലിംഗ്ടണിലേക്ക് പോകവെ വ്യോമസേനയുടെ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് ബിപിന്‍ റാവത്തുള്‍പ്പെടെ 14 പേര്‍ മരിച്ചത്. അപകടം എങ്ങനെ സംഭവിച്ചു എന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. മോശം കാലാവസ്ഥ കാരണംമൂലം പൈലറ്റിന് വ്യക്തമായ കാഴ്ച ലഭിക്കാതെ വന്നതിനാൽ മരത്തിൽ ഇടിച്ചു തകരുകയായിരുന്നു എന്നാണ് കരുതുന്നത്. എന്നാൽ ഏത് പ്രതികൂല സാഹചര്യത്തിലും സുരക്ഷിത യാത്രയ്ക്ക് ഉതകുന്നതാണ് അപകടത്തിൽപ്പെട്ട Mi-17 V5 ഹെലികോപ്ടർ.