
വീട് എല്ലാവരുടെയും സ്വപ്നമാണ്. വീട് ഏറ്റവും ഭംഗിയായി നിർമ്മിക്കാനാണ് എല്ലാവരും ഇഷ്ടപ്പെടുന്നത്. എന്നാൽ കൂടുതൽ ഭംഗി കൂട്ടുമ്പോൾ സാമ്പത്തിക ചെലവും കൂടും എന്നതാണ് പൊതുവേയുള്ള ധാരണ. ചെലവ് കുറഞ്ഞ രീതിയിൽ വീട് ഒരുക്കിയെടുക്കാൻ ചില കാര്യങ്ങളിൽ ശ്രദ്ധിച്ചാൽ മതി.
മിനിമലിസം എന്ന ആശയത്തിൽ ഊന്നിയാണ് ചെലവുകുറഞ്ഞ വീടു നിർമ്മാണം പ്ലാൻ ചെയ്യേണ്ടത്. ഇവ വീടിന് നിറം നൽകുമ്പോഴും പരീക്ഷിക്കാം. ഗ്രേ കളർ, പേസ്റ്റൽ, ന്യൂട്രൽ തുടങ്ങിയ ഷേഡുകളിലുള്ള നിറങ്ങൾ വീടിനുള്ളിലെ ഫർണിച്ചർ ഉൾപ്പെടെയുള്ള ഇന്റീരിയർ വസ്തുക്കൾക്ക് നൽകാം . ചുവരുകളിൽ ഉപയോഗിച്ചിരിക്കുന്നത് ഇളം നിറമാണെങ്കിൽ ഫർണിച്ചറുകൾക്കും മറ്റും അല്പം കടുപ്പമുള്ള നിറങ്ങൾ നൽകുകയാണെങ്കിൽ കൂടുതൽ ആകർഷകമാകും. സാധാരണ കണ്ടു വരുന്ന രീതികളിൽ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും പരീക്ഷിക്കുന്നത് ചെലവ് ചുരുക്കി ഭംഗി കൂട്ടുന്നതിന് സഹായിക്കും.
മങ്ങിയ നിറങ്ങൾ ഉപയോഗിക്കുന്നതിനാലും അത്ര ആഡംബര വസ്തുക്കൾ ഉപയോഗിക്കാത്തതിനാലും മിനിമലിസ്റ്റുകളുടെ വീടുകൾ അല്പം വിരസമായി തോന്നാറുണ്ട്. ഇത് മാറ്റുന്നതിനായി മരത്തടിയിൽ തീർത്ത വസ്തുക്കൾ കൂടുതലായി ഉപയോഗിക്കുന്നത് ഗുണം ചെയ്യും. നാച്ചുറൽ ഭംഗി നൽകുകയും കൂടുതൽ ഊർജമുള്ള അകത്തളമായി തോന്നിക്കുകയും ചെയ്യും.
അധിക പണചെലവില്ലാതെ തന്നെ വീട് മനോഹരമാക്കുന്നതിന് ചെലവ് കുറഞ്ഞതും എന്നാൽ വ്യത്യസ്തവുമായ ചില കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കാം. സാധാരണ എല്ലാ വീടുകളിലും കണ്ടുവരുന്ന പാറ്റേണിൽ ഉള്ള വസ്തുക്കൾ ഉപയോഗിക്കാതെ വ്യത്യസ്തമായ വസ്തുക്കൾ വീട്ടിൽ കൊണ്ട് വരാൻ ശ്രമിക്കുകയാണ് നല്ലത്.  
വീടിനുള്ളിൽ ഊർജം പകരുന്നതിന് വെളിച്ചത്തിന് വലിയ പങ്കുണ്ട്. പല തരത്തിലുള്ള
ബൾബുകളിൽ നിന്നുള്ളതിന് പകരം സൂര്യപ്രകാശം തന്നെ വീട്ടിൽ വെളിച്ചത്തിനായി ഉപയോഗിക്കാം. വലിയ ജനലുകളും ഗ്ലാസ് വിൻഡോകളും നൽകുന്നത് വഴി സൂര്യപ്രകാശം ധാരളം വീട്ടിലെത്തിക്കാം. ഇങ്ങനെ ലഭിക്കുന്ന വെളിച്ചം മനസിന് വല്ലാത്ത സന്തോഷം നൽകും, മാത്രമല്ല കൃത്രിമ വെളിച്ചത്തിൽ ലഭിക്കുന്നതിനേക്കാൾ നിങ്ങളുടെ അകത്തളങ്ങൾ മനോഹരമായി തോന്നിക്കാൻ ഈ മാർഗം ഏറ്റവും മികച്ചതാണ്.
വീടിനുള്ളിൽ ഉപയോഗിക്കുന്ന എല്ലാ വസ്തുക്കളും ഒരേ പാറ്റേണിൽ ഉള്ളവ ഉപയോഗിക്കാൻ ശ്രമിക്കുന്നത് നല്ലതാണ്. തറയിൽ ഉപയോഗിക്കുന്ന കാർപെറ്റ്, സോഫ സെറ്റിയിൽ ഉപയോഗിച്ചിരിക്കുന്ന കവർ, പില്ലോകൾ, മറ്റ് വസ്തുക്കൾ എന്നിവയെല്ലാം ഒന്ന് ഒന്നിനോട് യോജിക്കുന്ന തരത്തിലുള്ള പാറ്റേണുകൾ ഉപയോഗിക്കുന്നത് മികച്ച ഭംഗി നൽകും. ഇത്തരം കാര്യങ്ങൾ അതി ശ്രദ്ധയോടെ തന്നെ കൈകാര്യം ചെയ്‌താൽ കുറഞ്ഞ ചെലവിൽ തന്നെ വീട് ഏറ്റവും മനോഹരമാക്കാം.