
കോട്ടയം: അടുക്കളയിലെ പാത്രങ്ങളിലും ബക്കറ്റിലുമൊക്കെ നോട്ടുകെട്ടുകളുടെ കൂമ്പാരം. ലക്ഷക്കണക്കിന് രൂപയുടെ നിക്ഷേപത്തിന്റെയും പത്ത് വിദേശരാജ്യങ്ങൾ സന്ദർശിച്ചതിന്റെയും രേഖകൾ... കൈക്കൂലി വാങ്ങിയതിന് കഴിഞ്ഞദിവസം പിടിയിലായ മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥൻ എ എം ഹാരിസിന്റെ ഫ്ളാറ്റിൽ നടത്തിയ റെയ്ഡിലാണ് വിജിലൻസ് സംഘത്തെ അത്ഭുതപ്പെടുത്തി നോട്ടുകെട്ടുകളുടെ കൂമ്പാരം കണ്ടെത്തിയത്.
ആലുവയിലെ ആഢംബര ഫ്ളാറ്റിൽ നടത്തിയ റെയ്ഡിൽ 17 ലക്ഷം രൂപയുടെ നോട്ടുകെട്ടുകളാണ് കണ്ടെത്തിയത്. പ്ലാസ്റ്റിക് കവറുകളിൽ കെട്ടിയ നിലയിലായിരുന്നു നോട്ടുകൾ. ഓരോ കവറിലും അൻപതിനായിരത്തോളം രൂപയാണ് ഉണ്ടായിരുന്നത്. നോട്ടുകൾ കുത്തിനിറച്ച കവറുകൾ സൂക്ഷിച്ചിരുന്നത് ബക്കറ്റിലും പാത്രങ്ങളിലും കിച്ചൻ കാബിനറ്റിന്റെ അടിയിലും അലമാരയിലും ഒക്കെയായിട്ടായിരുന്നു. ഒരു റെയ്ഡിൽ ഇത്രയും നോട്ടുകെട്ടുകൾ കണ്ടെത്തുന്നത് ഇത് ആദ്യമെന്നാണ് വിജിലൻസ് സംഘം പറയുന്നത്. പണം എടുത്ത ശേഷം ഉപേക്ഷിച്ച ഒട്ടേറെ കവറുകളും ഫ്ലാറ്റിൽ കണ്ടെത്തിയിട്ടുണ്ട്.
രണ്ട് ബാങ്കുകളിലായി 18 ലക്ഷം രൂപയുടെ നിക്ഷേപം, ജർമ്മനി, റഷ്യ, ദുബായ് അടക്കമുള്ള പത്ത് വിദേശരാജ്യങ്ങൾ സന്ദർശിച്ച രേഖകൾ. ഒരു ലക്ഷം രൂപയുടെ ഹോം തിയേറ്റർ. രണ്ടുലക്ഷം രൂപയുടെ ടിവി എന്നിവയും ഫ്ലാറ്റിൽ നിന്ന് വിജിലൻസ് കണ്ടെടുത്തു.ആലുവയിലെ ഫ്ലാറ്റിന് 80 ലക്ഷം രൂപ വിലമതിക്കും. അവിവാഹിതനായ ഹാരിസിന് തിരുവനന്തപുരത്ത് 2000 സ്ക്വയർ ഫീറ്റുള്ള വീടും ഉണ്ട്. സ്വദേശമായ പന്തളത്തും 33 സെന്റ് വസ്തുവും വീടും ഉണ്ട്.
കോട്ടയത്തെ വ്യവസായിയിൽ നിന്ന് കാൽലക്ഷം രൂപ കൈക്കൂലി വാങ്ങിയതിനാണ് ജില്ലാ മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥൻ എ എം ഹാരിസ് വിജിലൻസ് പിടിയിലായത്.ഫ്ലാറ്റിലെ റെയ്ഡിന്‍റെ പശ്ചാത്തലത്തിൽ വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദനത്തിനും കേസെടുക്കും.
ആറുമാസം മുമ്പാണ് ഹാരിസ് ജില്ലാ മലിനീകരണ നിയന്ത്രണ ബോർഡ് ഓഫീസറായി കോട്ടയത്ത് എത്തിയത്. ഹാരിസിനെ ഇന്ന് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. തുടർ അന്വേഷണവും ഉണ്ടാവും.