
കൊച്ചി: പ്രവാസി ഇടപാടുകാർക്ക് ആദായ നികുതി റിട്ടേൺ സമർപ്പിക്കാനായി ക്ളിയർടാക്‌സുമായി ചേർന്ന് സി.എസ്.ബി ബാങ്ക് ഇ-ഫയലിംഗ് സൗകര്യം ഏർപ്പെടുത്തി. കുറഞ്ഞ സമയത്തിനകം ലളിതമായി നികുതി റിട്ടേൺ ഓൺലൈനായി സമർപ്പിക്കാമെന്നതാണ് നേട്ടം.
ഇന്ത്യയിലെ ഇടപാടുകാർക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം. ഇടപാടുകാർക്ക് ഇ-ഫയലിംഗ് സ്വന്തമായി നിർവഹിക്കാം; ഇതു സൗജന്യവുമാണ്. മൂലധനനേട്ടം, ആഗോള വരുമാനം, ഇൻഹെറിറ്റൻസ് തുടങ്ങിയവയുമായി ബന്ധപ്പെട്ട വിദഗ്ദ്ധോപദേശത്തോടെ കുറഞ്ഞനിരക്കിൽ ചാർട്ടേഡ് അക്കൗണ്ടന്റിന്റെ സഹായത്തോടെ റിട്ടേൺ സമർപ്പിക്കാനും കഴിയും. സ്വയം ഇ-ഫയൽ ചെയ്യാനുള്ള സൗകര്യം ബാങ്കിന്റെ വെബ്‌സൈറ്റിൽ എൻ.ആർ.ഐ/പേഴ്‌സണൽ ബാങ്കിംഗ് വിഭാഗത്തിൽ ലഭ്യമാണ്. ക്ളിയർടാക്‌സുമായി സഹകരിച്ച് ബാങ്ക് നികുതി വിഷയങ്ങളിൽ വെബിനാറുകളും സംഘടിപ്പിക്കും.