
ലോകത്തിന്റെ വിവിധയിടങ്ങളിൽ കൊവിഡ് വ്യാപനം വീണ്ടും തുടങ്ങിയതോടെ കളിക്കളങ്ങളും കുരുക്കിലായി. പല മത്സരങ്ങളും മാറ്റിവയ്ക്കുകയും ഉപേക്ഷിക്കുകയും കാണികൾക്ക് പ്രവേശനത്തിന് നിബന്ധന നിലവിൽ വരികയും ചെയ്തു. കൊവിഡ് വൈറസിന്റെ പുതിയ വക ഭേദമായ ഒമിക്രോണിന്റെ വ്യാപനം ആശങ്കയോടെയാണ് കായിക ലോകം കാണുന്നത്.
റയലിൽ ബേൽ ഉൾപ്പെടെ
4 പേർക്ക് കൊവിഡ്
സ്പാനിഷ് സൂപ്പർ ക്ലബ് റയൽ മാഡ്രിഡിൽ 4 താരങ്ങൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഗാരത് ബേൽ, മാർക്കോ അസെൻസിയോ, അഡ്രിയാൻ ലൂനിൻ, റോഡ്രിഗോ എന്നിവർക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. ടീമിന്റെ ഇന്നലത്തെ പരിശീലനം മാറ്രിവച്ചിരുന്നു. നേരത്തേ ലൂക്കാ മൊഡ്രിച്ചിനും മാഴ്സലോയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാൽ നാളെ രാത്രി കാർഡിസിനെതിരായ റയലിന്റെ ലാലിഗ മത്സരം നടക്കുമെന്നാണ് വിവരം.വലൻസിയയുടെ നാല് താരങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. വലൻസിയയുടെ ബാസ്കറ്ര് ബാൾ താരങ്ങൾക്ക് എല്ലാവർക്കും കൊവിഡ് ബാധിച്ചതായാണ് വിവരം.
പ്രിമിയർ ലീഗിൽ 9 മത്സരങ്ങൾ മാറ്രി
ഇന്നത്തെ മാഞ്ചസ്റ്രർ യുണൈറ്റഡ് ബ്രൈറ്റൺ മത്സരം ഉൾപ്പെടെ 9കളികളാണ് കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ നിലവിൽ മാറ്റിവയ്ക്കാൻ നിർബന്ധിതമായിരിക്കുന്നത്. കളിക്കാർക്കും സ്റ്രാഫിനുമുൾപ്പെടെ 42 പേർക്കാണ് ഈ ആഴ്ച പ്രിമിയർ ലീഗിലെ വിവിധ ടീമുകളിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ ചെൽസിയുടെ സൂപ്പർതാരങ്ങലായ റൊമേലു ലുകാകു, തിമോ വെർണർ, ഹഡ്സൺ ഒഡോയ്, ചിൽവെൽ എന്നിവർക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം ലീഗ് നിറുത്തിവയ്ക്കില്ലെന്നാണ് പ്രിമിയർ ലീഗ് അധികൃതർ പറയുന്നത്. ചെറിയ ലീഗുകളിൽ കളിക്കുന്ന ടീമുകളും കൊവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്ന് ബ്രിട്ടീഷ് ഗവൺമെന്റ് നിർദ്ദേശിച്ചിട്ടുണ്ട്.
വിൻഡീസ് പാക് പര്യടനം റദ്ദാക്കി
പാകിസ്ഥാൻ പര്യടനം നടത്തുന്ന വെസ്റ്റിൻഡീസ് ടീമിൽ ഒമ്പത് പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിനെത്തുടർന്ന് ഇന്ന് തുടങ്ങേണ്ടിയിരുന്ന ഏകദിന പരമ്പര മാറ്റിവച്ചു. 2023 ഏകദിന ലോകകപ്പിലെ യോഗ്യതാ റൗണ്ട് കൂടിയായി കണക്കാക്കുന്ന ഈ പരമ്പര അടുത്ത വർഷം ജൂണിൽ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. വിക്കറ്റ് കീപ്പർ ബാറ്റർ ഷായ് ഹോപ്പ്, സ്പിന്നർ അകിയൽ ഹൊസെയ്ൻ, ഓൾറൗണ്ടർ ജസ്റ്റിൻ ഗ്രീവ്‌സ്, സഹപരിശീലകൻ റോഡി എസ്റ്റ്വിക്ക്, ഫിസീഷ്യൻ അക്ഷയ് മാൻസിംഗ് എന്നിവർക്കാണ് വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചത്.
കമ്മിൻസിനും പണിയായി
ആഷസ് ഒന്നാം ടെസ്റ്റിൽ ആസ്ട്രേലിയയെ ഐതിഹാസിക ജയത്തിലേക്ക് നയിച്ച നായകൻ പാറ്റ് കമ്മിൻസിന് കൊവിഡ് പോസിറ്റീവായ വ്യക്തിയുമായി അടുത്തിടപഴകിയതിനാൽ രണ്ടാം മത്‌സരത്തിൽ കളിക്കാൻ കഴിഞ്ഞില്ല. കമ്മിൻസിന് പകരം സ്മിത്താണ് ഓസീസിനെ നയിക്കുന്നത്.
റഗ്ബി യൂറോപ്യൻ ചാമ്പ്യൻസ് കപ്പും കൊവിഡിന്റെ കരിനിഴലിലാണ്.അമേരിക്കയിലെ നാഷണൽ ഫുട്ബാൾ ലീഗ്, നാഷണൽ ഹോക്കി ലീഗ്,നാഷണൽ ബാസ്കറ്ര് ബാൾ ലീഗ് എന്നിവയെല്ലാം പ്രതിസന്ധിയിലാണ്. യൂറോപ്പിലെ പ്രമുഖ ഫുട്ബാൾ ക്ലബുകൾ ഒന്നും ജനുവരി 9ന് തുടങ്ങുന്ന ആഫ്രിക്ക കപ്പ് ഒഫ് നേഷന് താരങ്ങളെ അയച്ചേക്കില്ലെന്ന് സൂചനയുണ്ട്.