airport

തിരുവനന്തപുരം : ശബരിമല വിമാനത്താവള പദ്ധതിയെ ഡയറക്ടർ ജനറൽ ഒഫ് സിവിൽ ഏവിയേഷൻ (ഡി ജി സി എ) എതിർത്തിട്ടും പദ്ധതിയുമായി മുന്നോട്ട് പോകാൻ തീരുമാനം. ഇതിന്റെ ഭാഗമായി അമേരിക്കൻ കൺസൾട്ടൻസി കമ്പനിയുടെ കരാർ നീട്ടി നൽകി. ഓഗസ്റ്റ് വരെയാണ് കരാർ നീട്ടിയത്. 4.6 കോടി രൂപയ്ക്കാണ് അമേരിക്കൻ കമ്പനിയായ ലൂയി ബർഗറിന് ശബരിമല വിമാനത്താവളത്തെ കുറിച്ചുള്ള സാങ്കേതിക സാമ്പത്തിക പഠനം നടത്താൻ കരാർ നൽകിയിരുന്നത്. എന്നാൽ വിമാനത്താവളം ഇവിടെ വരുന്നതിനെ വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഡി ജി സി എ എതിർത്തത്. കൺസൾട്ടൻസി കമ്പനിയുടെ പ്രവർത്തനവും വിമർശനത്തിന് വിധേയമായിരുന്നു.

ഡയറക്ടർ ജനറൽ ഒഫ് സിവിൽ ഏവിയേഷൻ, കേന്ദ്ര വ്യോമ മന്ത്രാലയത്തിന് സമർപ്പിച്ച റിപ്പോർട്ടിൽ ചെറുവള്ളി എസ്‌റ്റേറ്റ് വിമാനത്താവളത്തിന് അനുയോജ്യമല്ലെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. സ്ഥലത്തിന് റൺവേയ്ക്ക് ആവശ്യമായ നീളവും വീതിയും ഇല്ലെന്നും റിപ്പോർട്ടിൽ എടുത്ത് പറഞ്ഞിരുന്നു. ഇത് കൂടാതെ വിമാനത്താവളം വന്നാൽ അത് 150 കിലോമീറ്റർ പരിധിയിൽ ഒന്നിലേറെ ഗ്രീൻഫീൽഡ് എയർപോർട്ട് പാടില്ലെന്ന ചട്ടത്തിന് വിരുദ്ധമാകുമെന്നും ചൂണ്ടിക്കാട്ടിയിരുന്നു. വിമാനത്താവള നിർമ്മാണത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് കേന്ദ്രമാണ്. സംസ്ഥാന വ്യവസായ വികസന കോർപറേഷനും അമേരിക്കൻ കൺസൾട്ടൻസിയായ ലൂയി ബർഗറും ചേർന്ന് തയ്യാറാക്കിയ റിപ്പോർട്ട് പരിശോധിച്ചായിരുന്നു ഡി ജി സി എ അന്ന് എതിർപ്പ് അറിയിച്ചിരുന്നത്. എന്നാൽ അമേരിക്കൻ കൺസൾട്ടൻസി കമ്പനിക്ക് കരാർ നീട്ടിയതോടെ സംസ്ഥാനം സ്വപ്ന പദ്ധതിയിൽ നിന്നും പിന്നോട്ടില്ല എന്ന സന്ദേശമാണ് നൽകുന്നത്.