high-court-

കൊച്ചി: കണ്ണൂർ സർവകലാശാലാ വി.സിയായി ഡോ. ഗോപിനാഥ് രവീന്ദ്രനെ പുനർനിയമിച്ചതിനെതിരായ ഹർജി ഹൈക്കോടതി ഡിവിഷൻബെഞ്ച് ഇന്ന് പരിഗണിക്കും. സർവകലാശാല സെനറ്റ് അംഗം ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, ഡോ.ഷിനോ.പി. ജോസ് എന്നിവരാണ് ഹർജിക്കാർ. സർവകലാശാലാ നിയമമനുസരിച്ച് 60 വയസിനു മുകളിലുള്ള വ്യക്തിയെ വി.സിയായി നിയമിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്. നിയമനവും പുനർനിയമനവും വ്യത്യസ്തമാണെന്നും പുനർനിയമനത്തിന് പ്രായപരിധി പറയുന്നില്ലെന്നും ചൂണ്ടിക്കാട്ടി സിംഗിൾബെഞ്ച് കഴിഞ്ഞ ദിവസം ഹർജി തള്ളിയിരുന്നു. ഇതു ശരിയല്ലെന്നും പുനർനിയമനത്തിനും വ്യവസ്ഥകൾ ബാധകമാണെന്നും അപ്പീലിൽ പറയുന്നു. സിംഗിൾ ബെഞ്ചിന്റെ വിധി റദ്ദാക്കണമെന്നും ഡോ. ഗോപിനാഥ് പദവിയിൽ തുടരുന്നതു തടയണമെന്നുമാണ് അപ്പീലിലെ ആവശ്യം.

അതേസമയം കണ്ണൂർ വിസി നിയമനത്തിലടക്കം സംസ്ഥാന സർക്കാരുമായി ഇടഞ്ഞ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് സംസ്ഥാനത്ത് തിരിച്ചെത്തും. ചാൻസലർ പദവി ഏറ്റെടുക്കില്ലെന്ന് അറിയിച്ചു കൊണ്ട് അദ്ദേഹം സർക്കാരിന് കത്തു നൽകിയിരുന്നു. ഇതിൽ ഇനിയും തീരുമാനം എടുക്കാൻ ആയിട്ടില്ല. ഗവർണറെ അനുനയിപ്പിച്ച് പ്രശ്നം ഒത്തുതീർപ്പിലാക്കാനും സർക്കാരിന്റെ ഭാഗത്ത് നിന്നും ശ്രമങ്ങളുണ്ടാവും. കൊച്ചിയിൽ ഇന്ന് രാത്രിയാണ് ഗവർണർ എത്തുന്നത്. വിഷയത്തിൽ ഇടപെട്ട് മുഖ്യമന്ത്രി നേരിട്ട് ഗവർണറെ കണ്ട് ചർച്ച നടത്തുമെന്നും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ ദിവസം കണ്ണൂർ സർവകലാശാലാ വി സി നിയമനത്തിൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് വന്നതിന് പിന്നാലെ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന ഗവർണറെ പരോക്ഷമായി വിമർശിച്ചു കൊണ്ടായിരുന്നു. കേസ് പരിഗണിച്ചു കൊണ്ട് ഹൈക്കോടതി ഡിവിഷൻബെഞ്ച് ഇന്ന് നടത്തുന്ന നിരീക്ഷണങ്ങളും ഏറെ നിർണായകമാവും.