
തിരുവനന്തപുരം: വാരണാസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് രണ്ട് കെട്ടിടവും, മൂന്നൂറേക്കർ കൃഷിസ്ഥലവുമുണ്ടെന്ന് കണ്ടെത്തിയതായി ബോർഡ് പ്രസിഡന്റ് കെ.അനന്ദഗോപൻ. ഇത് തിരിച്ചുപിടിക്കാനുള്ള തീവ്ര ശ്രമം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. ഇതിന് ദേവസ്വം ബോർഡിന്റെ പ്രത്യേക സംഘം കാശിയിലേക്ക് പോകും.
വാരണാസിക്ക് രണ്ടു കിലോമീറ്റർ ചുറ്റളവിലാണ് സ്ഥലമുള്ളത്. ഈ ഭൂമി ആരുടെയെങ്കിലും അധീനതയിലാണോ, കൃഷി ചെയ്യുന്നുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കണം. വാരണാസി ഡെവലപ്മെന്റ് അതോറിട്ടിയുടെ ഭാഗത്ത് നിന്ന് അനുകൂലമായ പ്രതികരണമാണ് ലഭിച്ചതെന്നും പ്രസിഡന്റ് പറഞ്ഞു. 22 സെന്റ് സ്ഥലത്തിനും കെട്ടിടത്തിനുമാണ് നിലവിൽ അവകാശ രേഖയുള്ളത്. കൃഷിസ്ഥലത്തിന്റേതിന് അവകാശ രേഖകളുള്ളതായി ചില തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു. കോടികളുടെ മൂല്യമുള്ള സ്ഥലത്തെയും കെട്ടിടത്തെയും പറ്റി നോഡൽ ഓഫീസറുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നുണ്ടെങ്കിലും ഇത് മതിയാവില്ലെന്നതിനാലാണ് പ്രത്യേക സംഘം പോകുന്നത്.
കാശിയിൽ രാജാഹരിശ്ചന്ദ്ര പൂന്തോട്ടത്തിനടുത്തുള്ള 22 സെന്റിൽ 5000 ചതുരശ്രയടിയുള്ള രണ്ടു കെട്ടിടത്തിൽ 30 മുറികളുണ്ട്. ഇവിടെ രണ്ടുപേർ അനധികൃതമായി താമസിക്കുന്നുണ്ട്. ഇവർ അവിടത്തെ സർക്കാർ പ്രതിനിധികളോ സർക്കാരുമായി ബന്ധമുള്ളവരോ അല്ലെന്നാണ് വിവരം. നിലവിൽ കെട്ടിടങ്ങൾ പൊളിച്ച് പുതിയത് നിർമ്മിക്കാനാണ് ദേവസ്വം ബോർഡിന്റെ തീരുമാനമെങ്കിലും നവീകരണത്തിനുള്ള അനുമതിയാണ് ലഭിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ കൂടുതൽ ചർച്ചകൾ നടത്തേണ്ടിവരും. ഒരു കോടിയോളം രൂപ ചെലവാക്കിയാണ് കെട്ടിട നിർമ്മാണം ആലോചിക്കുന്നത്. തിരുവിതാംകൂർ രാജകുടുംബത്തിനും പൗരപ്രമുഖർക്കും ഗംഗാസ്നാനത്തിനും കാശിവിശ്വനാഥനെ തൊഴാനും സൗകര്യമൊരുക്കാനായി പണിത കെട്ടിടവും സ്ഥലവുമാണ് വാരാണസിയിലുള്ളത്.പിൽക്കാലത്ത് ഇവ തിരുവിതാംകൂർ ദേവസ്വം ബോർഡിന് സ്വന്തമായി.
അതേസമയം, സത്രത്തിന്റെ ചുമതലക്കാരനായ മാനേജർക്കെതിരെ ദേവസ്വം വിജിലൻസിന്റെ അന്വേഷണം നടക്കുന്നതായാണ് വിവരം. തിരുവിതാംകൂർ രാജമുദ്രയുള്ളതും ബോർഡിന്റെ മുദ്രയുള്ളതുമായ വസ്തുവകകളുടെ രേഖകൾ സത്രത്തിൽ നിന്ന് മാറ്റിയെന്നുള്ള കണ്ടെത്തലിലാണ് അന്വേഷണം. ഇയാളോട് വിശദീകരം തേടിയിട്ടുണ്ട്.പൊട്ടിപ്പൊളിഞ്ഞ സത്രം നവീകരിക്കാനായി 2017-18 ലെ ബഡ്ജറ്റിൽ 63 ലക്ഷം രൂപ നീക്കി വച്ചെങ്കിലും ഒന്നും നടന്നില്ല.