
ദിവസവും കുറഞ്ഞത് ഒരു നേരമെങ്കിലും കോഫിയോ ചായയോ കൂടിക്കാത്ത മലയാളികളുടെ എണ്ണം വളരെ കുറവാണ്. അതും നല്ല കടുപ്പത്തിലുള്ളത് പ്രധാനമാണ്. അങ്ങനെയുള്ള മലയാളികളിലേയ്ക്ക് ലോക പ്രശസ്ത കോഫി സ്റ്റോറായ സ്റ്റാർബക്സ് എത്തിയിട്ട് ഒരു വർഷമേ ആയിട്ടുള്ലൂ. ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ 35 ഓളം സ്റ്റോറുകളും നിരവധി മിനി സ്റ്റോറുകളും അവർ കേരളത്തിൽ ആരംഭിച്ചു കഴിഞ്ഞു. സ്റ്റാർബക്സ് ഇപ്പോൾ തിരുവനന്തപുരം ലുലു മാളിലും എത്തിയിരിക്കുകയാണ്. ലോകമെമ്പാടുമുള്ള ജനങ്ങൾ സ്വീകരിച്ച സ്റ്റാർബക്സ് എന്ന ബ്രാന്റിനെ പറ്റി കൂടുതൽ അറിയാം.
സ്റ്റാർബക്സ് ചരിത്രം

1971 ൽ ജെറി ബാൾഡ്‌വിൻ, സെവ് സീഗൽ, ഗോർഡൻ ബൗക്കർ എന്നിവർ ചേർന്ന് സിയാറ്റിലിലെ പൈക്ക് പ്ലേസ് മാർക്കറ്റിലാണ് സ്റ്റാർബക്സ് ആദ്യമായി സ്ഥാപിച്ചത്. മികച്ച ഗുണനിലവാരമുള്ള കോഫി ജനങ്ങളിലേയ്ക്കെത്തിക്കുക എന്നതായിരുന്നു സാൻഫ്രാൻസിസ്കോ സർവകലാശാലയിലെ വിദ്യാർത്ഥികളായിരുന്ന സ്റ്റാർബക്സ് സ്ഥാപകരുടെ ലക്ഷ്യം. ഹെർമൻ മെൽവിൻ എഴുതിയ മൊബിഡിക്കിലെ കഥാപാത്രത്തിന്റെ പേരാണ് ഇവർ കമ്പനിക്കായി സ്വീകരിച്ചത്. ഗുണനിലവാരമുള്ള കോഫി വിതരണം മാത്രം ലക്ഷ്യമിട്ട സ്റ്റാർബക്സ് വളർച്ചയാരംഭിച്ചത് ഹോവാർഡ് ഷുൾട്സിന്റെ കടന്നുവരവോടെയാണ്. കോഫി വിൽപ്പനയുമായി ബന്ധപ്പെട്ടാണ് ഹോവാർഡ് ഷുൾട്സ് സ്റ്റാർബക്സ് ഉടമകളെ കാണാനിടയായത്. ഗുണനിലവാരമുള്ല കോഫിയുടെ വിപണന സാദ്ധ്യത മുന്നിൽകണ്ട ഹോവാർഡ് ഷുൾട്സ് അവിടെ മാനേജരായി ചേർന്നു. തുടർന്ന് നിരവധി പദ്ധതികൾ ഷുൾട്സ് ആസൂത്രണം ചെയ്തെങ്കിലും അതൊന്നും അംഗീകരിക്കാൻ സ്റ്റാർബക്സ് ഉടമകൾ തയ്യാറായില്ല.ശേഷം മാനേജർ സ്ഥാനം രാജിവച്ച് മറ്റൊരു കോഫി ഷോപ്പ് ആരംഭിച്ചു.
ഷുൾട്സ് തന്റെ ഔദ്യോഗിക ജോലിയുടെ ഭാഗമായി ഇറ്റലി സന്ദർശിക്കാൻ ഇടയായി. അപ്പോൾ ശ്രദ്ധയിൽപെട്ട ഒന്നായിരുന്നു കോഫി കുടിക്കാൻ നല്ലൊരു അന്തരീക്ഷം ഒരുക്കുക എന്നത്. ഇത് അദ്ദേഹം തന്റെ പുതിയ സംരംഭത്തിൽ ചേർത്തു. ആ വിജയ മന്ത്രം ഫലം കണ്ടു . ഒരു വർഷത്തിനു ശേഷം ഷുൾട്സ് സ്റ്റാർബക്സ് വിലയ്ക്കുവാങ്ങി. ഗുണനിലവാരമുളള കോഫി മാത്രം വിറ്റുകൊണ്ടിരുന്ന സ്റ്റാർബക്സിൽ മനശാസ്ത്രപരമായ വഴിത്തിരിവുണ്ടായത് ഷുൾട്സിന്റെ കടന്നുവരവോടെയാണ്.
1986ൽ ആറ് ഷോപ്പുകളും 100 ജോലിക്കാരുമായി തുടങ്ങിയ സ്റ്റാർബക്സ് 10 വർഷത്തിനുളളിൽ 1300 ഷോപ്പുകളായി വളർന്നു. അമേരിക്കയ്ക്കു പുറത്ത് സ്റ്റാർബക്സ് ആദ്യമായി കഫേ ആരംഭിച്ചത് ജപ്പാന്റെ തലസ്ഥാനമായ ടോക്കിയോയിലാണ്. വാഷിംഗ്ടണിലാരംഭിച്ച കമ്പനി പിന്നീട് ലോകമാകെ വളർന്നു. ഇന്ന് ചൈനയിൽ മാത്രം 800 ലധികം സ്റ്റോറുകളാണുള്ളത്. 2021നവംബറിലെ കണക്കനുസരിച്ച് 80 രാജ്യങ്ങളിലായി 33,833 ഓളം കഫേകളാണ് നിലവിൽ ഉള്ളത്. അതിൽ 15,444 എണ്ണവും അമേരിക്കയിലാണ്.
എന്തുകൊണ്ടാണ് സ്റ്റാർബക്സ് കോഫി മറ്റുള്ളവയെക്കാൾ വ്യത്യസ്തമാവുന്നത്

സ്റ്റാർബക്സ് സ്ഥാപകരുടെ ലക്ഷ്യം എന്നത് ഏറ്റവും മികച്ച കോഫി ജനങ്ങളിലേയ്ക്കെത്തിക്കുക എന്നതായിരുന്നു. അത് ഇന്നും അതേപടി നിലനിർത്തുകയാണ് . മികച്ച ഗുണനിലവാരമുള്ള കാപ്പിക്കുരുവാണ് സ്റ്റാർബക്സിൽ ഉപയോഗിക്കുന്നത്. കോഫിയുടെ ഗന്ധവും ശാന്തമായ അന്തരീക്ഷവും ഒരുക്കുന്നതിനായി ജീവനക്കാർ ശരീരത്തിൽ പെർഫ്യൂമുകൾ ഉപയോഗിക്കുന്നത് പോലും ഒഴിവാക്കിയിരുന്നു. അതുപോലെ മുപ്പതു മിനിറ്റിൽ കൂടുതൽ തിളപ്പിച്ച കാപ്പിപ്പൊടി അവർ ഉപയോഗിക്കുകയുമില്ല. ഇടയ്ക്ക് പ്രഭാത ഭക്ഷണം കൂടെ ഉൾപ്പെടുത്താൻ അവർ തുടങ്ങിയെങ്കിലും കോഫിയുടെ ഗന്ധത്തെത്താൾ കൂടുതലായി അവയുടെ ഗന്ധം മുന്നിട്ടുനിൽക്കുന്നു എന്നതു കൊണ്ട് അത് അവസാനിപ്പിക്കുകയായിരുന്നു. കോഫിയെക്കാൾ പ്രാധാന്യം മറ്റൊന്നിനും നൽകാൻ ആഗ്രഹിക്കുന്നില്ല എന്നതുകൊണ്ടാണ് അങ്ങനെ ചെയ്തത്.
മികച്ച കോഫിയും മറ്റ് പാനീയങ്ങളും സമാധാനപരമായ അന്തരീക്ഷത്തിൽ ജനങ്ങൾക്ക് നൽകുക എന്നതാണ് സ്റ്റാർബക്സിന്റെ പ്രധാന ലക്ഷ്യം അതുതന്നെയാണ് അവരെ മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമാക്കുന്നതും.
സ്റ്റാർബക്സ് കേരളത്തിൽ
2020 ഒക്ടോബറിലാണ് കേരളത്തിലെ ആദ്യത്തെ സ്റ്റാർബക്സ് സ്റ്റോർ കൊച്ചി ലുലു മാളിൽ ആരംഭിച്ചത്. കേരളത്തിൽ കൊച്ചി ലുലുമാളിലേതുൾപ്പെടെ 35 ഓളം സ്റ്റോറുകളാണ് സ്റ്റാർബക്സിന് ഉള്ളത്. അതുകൂടാതെ നിരവധി മിനി സ്റ്റാർബക്സുകളും കേരളത്തിലുണ്ട്. ഇന്നലെ ഉദ്ഘാടനം കഴിഞ്ഞ തിരുവനന്തപുരം ലുലു മാളിലും സ്റ്റാർബക്സ് ഉണ്ടാവും.
സ്റ്റാർബക്സിൽ ലഭ്യമാകുന്നവ
ഉയർന്ന ഗുണനിലവാരമുള്ള കാപ്പിപ്പൊടികൾ കൊണ്ട് ഉണ്ടാക്കുന്ന കോൾഡ് കോഫി, കോഫി എന്നിവ കൂടാതെ ശീതീകരിച്ച നിരവധി പാനീയങ്ങളും സ്റ്റാർബക്സിൽ ലഭ്യമാണ്. കോഫിയോടൊപ്പം കഴിക്കാൻ ലഘുഭക്ഷണങ്ങളും ലഭ്യമാണ്. അതുകൂടാതെ അവർ ഉപയോഗിക്കുന്ന കാപ്പിപ്പൊടികളും കോഫികപ്പുകളും സ്റ്റാർബക്സിന്റെ സ്റ്റോറിൽ നിന്നും വാങ്ങാനും ലഭിക്കും. സ്റ്റാർബക്സിലെ കാരമൽ ജാവാ ചിപ്സ്, എക്സ്പ്രസ്സോ,ഹോട്ട് ചോക്ലേറ്റ് തുടങ്ങിയവയാണ് പ്രശസ്തമായത്.
സ്റ്റാർബക്സ് കോഫിയ്ക്ക് കേരളത്തിലെ വില

ഉയർന്ന നിലവാരമുള്ള കാപ്പിപ്പൊടി എന്നതു തന്നെയാണ് അതിന്റെ പ്രധാന കാരണം. വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള കാപ്പിപ്പൊടികളാണ് ഇവർ ഉപയോഗിക്കുന്നത്. അതുകൊണ്ടാണ് മറ്റു കോഫികളെ അപേക്ഷിച്ച് മണവും രുചിയും സ്റ്റാർബക്സിന്റെ കോഫിയ്ക്ക് ഉണ്ടാകാനുള്ള കാരണം എന്നാണ് അവർ അവകാശപ്പെടുന്നത്.
മൂന്ന് അളവുകളിലായാണ് സ്റ്റാർബക്സ് കോഫികൾ ലഭിക്കുന്നത്. ഏകദേശം 250 മുതൽ 700 മില്ലിലിറ്ററോളം കോഫിയാണ് അതിലുള്ളത്. തണുത്ത കോഫിക്ക് 255 മുതൽ 450 ഓളം രൂപയാണ് വില. ചൂടുള്ള കോഫിക്ക് 225 മുതൽ 400 രൂപ വരെയാണ് വില വരുന്നത്.