saudi-arabia

റിയാദ്: സൗദി അറേബ്യയിലെ വളരെ പ്രശസ്തമായ ഒട്ടകങ്ങളുടെ സൗന്ദര്യ മത്സരത്തിന് കനത്ത തിരിച്ചടി. കൃത്രിമ സൗന്ദര്യ വർദ്ധന മാർഗങ്ങളുടെയും ബോട്ടോക്സ് കുത്തിവയ്പ്പിന്റെയും പേരിലാണ് സൗദിയിലെ മുഖ്യ ആകർഷണങ്ങളിലൊന്നായ ഒട്ടക സൗന്ദര്യ മത്സരത്തിന് വിള്ളൽ വീണത്. റിയാദിന്റെ വടക്കുകിഴക്കൻ മരുഭൂമിയിൽ എല്ലാ വർഷവും കൊണ്ടാടുന്ന ബഡൂയിൻ ഗോത്രത്തിന്റെ ആഘോഷമാണ് കിംഗ് അബ്ദുൾ അസീസ് ഒട്ടകോത്സവം. അറുപത്തിയാറ് മില്യൺ ഡോളർ വരെ സമ്മാനതുകയായി ലഭിക്കുന്ന മത്സരത്തിൽ പങ്കെടുക്കാൻ ആയിരത്തിൽ പരം ഒട്ടകങ്ങളാണ് എത്തിച്ചേരുന്നത്.

കൃത്രിമ സൗന്ദര്യ വ‌ർദ്ധന പ്രവർത്തനങ്ങൾക്ക് കടിഞ്ഞാണിടാൻ സംഘാടകർ കടുത്ത നടപടികൾ സ്വീകരിച്ചിട്ടുണ്ടെങ്കിലും ഇത്തരം പ്രവർത്തികൾ ഇപ്പോഴും തുടരുന്നുണ്ട്. ഒട്ടകങ്ങളുടെ ചുണ്ടുകൾ തൂങ്ങിനിൽക്കുന്നതിനും മുഴ കൂടുതൽ മനോഹരമാക്കുന്നതിനുമുള്ള ചികിത്സാ മാർഗങ്ങളാണ് കൃത്രിമമായി സ്വീകരിക്കുന്നത്. ഒട്ടകങ്ങളുടെ ചുണ്ടിന്റെയും മുഴയുടെയും സൗന്ദര്യമാണ് മത്സരത്തിൽ പ്രധാനമായും വിലയിരുത്തുന്നത്. ഇത്തരത്തിൽ കൃത്രിമത്വം നടത്തിയ നാൽപ്പത്തിമൂന്ന് ഒട്ടകങ്ങളാണ് അയോഗ്യരാക്കപ്പെട്ടത്. 2018ൽ സൗന്ദര്യമത്സരം ഏർപ്പെടുത്തി തുടങ്ങിയതിനുശേഷം ആദ്യമായാണ് ഇത്രയും ഒട്ടകങ്ങൾ അയോഗ്യരായത്.

ബോട്ടോക്സ് കുത്തിവയ്പ്പ് ഉൾപ്പടെയുള്ളവ കണ്ടെത്താൻ എക്സ്‌റേ പോലുള്ള ക്ളിനിക്കൽ പരിശോധനകൾ നടത്തിയാണ് കൃത്രിമങ്ങൾ കണ്ടെത്തുന്നത്. ഒട്ടകങ്ങൾ അവയുടെ യഥാർത്ഥ തനിമയിലും രൂപത്തിലും പങ്കെടുക്കണമെന്നതാണ് മത്സരത്തിലെ നിബന്ധന. നിർദേശങ്ങൾ ലംഘിക്കുന്നവർക്ക് പിഴ ഏർപ്പെടുത്തുകയും ഭാവിയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കുകയും ചെയ്യും. നാൽപ്പത് ദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിൽ ഒട്ടകങ്ങളുടെ ഓട്ടമത്സരവുമുണ്ട്.