
വയനാട് : വയനാട്ടിലെ കുറുക്കന്മൂലയിൽ നാട്ടിലിറങ്ങിയ കടുവ ജനത്തെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ദിവസങ്ങളായി നാട്ടിൽ ചുറ്റിക്കറങ്ങുന്ന കടുവ നിരവധി വളർത്തു മൃഗങ്ങളെയാണ് കൊന്ന് ഭക്ഷിച്ചത്. ജനങ്ങളുടെ പ്രതിഷേധം ശക്തമായതിന് പിന്നാലെ വനം വകുപ്പ് വൻ സന്നാഹങ്ങളാണ് കടുവയെ പിടികൂടുന്നതിനായി ഒരുക്കിയിട്ടുള്ളത്. 180 വനം വകുപ്പ് ജീവനക്കാരും 30 പൊലീസുകാരും അടങ്ങുന്ന ട്രാക്കിംഗ് ടീം ഇന്ന് പകൽ നാട്ടിൽ വിശദമായ തെരച്ചിൽ നടത്തും. കഴുത്തിന് മാരകമായി മുറിവേറ്റ കടുവയാണ് കുറുക്കന്മൂലയിൽ ചുറ്റിക്കറങ്ങുന്നതെന്നാണ് ലഭിക്കുന്ന വിവരം. വനം വകുപ്പ് സ്ഥാപിച്ച ക്യാമറയിൽ പതിഞ്ഞ കടുവയുടെ ദൃശ്യത്തിലാണ് പരിക്കേറ്റ മുറിവ് ദൃശ്യമായത്. വന്യജീവികൾ നാട്ടിലിറങ്ങുന്നത് തടയാൻ എലിഫന്റ് ട്രഞ്ച്, സോളാർ ഫെൻസിംഗുകൾ തുടങ്ങി നിരവധി സംവിധാനങ്ങൾ വനം വകുപ്പ് ഒരുക്കിയിട്ടുണ്ടെങ്കിലും വന്യജീവികൾ നാട്ടിലിറങ്ങുന്നതിന് പിന്നിലെ കാരണം മുൻ ചീഫ് വൈൽഡ് ലൈഫ് വാർഡനായ ദേവേന്ദ്രകുമാർ വെർമ ഐ എഫ് എസ് കേരളകൗമുദി ഓൺലൈന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.
കേരളത്തിൽ കാടും ജനവാസവും തമ്മിൽ വലിയ അന്തരമില്ല എന്നതാണ് വന്യജീവികൾ നാട്ടിലേക്കിറങ്ങുന്നതിന്റെ പ്രധാന കാരണം. ഭക്ഷണത്തിന്റെ ലഭ്യതക്കുറവ് മൂലമോ, അനാരോഗ്യം കാരണമോ ആണ് വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നത്.
അടുത്തിടെ വയനാട്ടിലെ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയ്ക്ക് മുൻ വശത്ത് നാല് പല്ലുകൾ നഷ്ടമായ കാര്യവും അദ്ദേഹം ഓർമ്മിപ്പിക്കുന്നു. ഇത്തരത്തിൽ പ്രായാധിക്യംമൂലമോ പരിക്കേറ്റോ ഇരപിടിക്കാൻ കഴിയാതെ വന്നാൽ മൃഗങ്ങൾ നാട്ടിലേക്കിറങ്ങും. ഇത്തരത്തിലുള്ളവയെ പിടികൂടിയാലും കാട്ടിലേക്ക് തിരിച്ചുവിടാനാകില്ല. കാരണം, അവ വീണ്ടും തിരിച്ചുവരും.