
തിരുവനന്തപുരം : ഇത് സൈക്കിളിനെ ഏറെ സ്‌നേഹിക്കുന്ന ലേലം മണിയൻ. അഗസ്ത്യ വനമേഖലയിൽ തുടങ്ങുന്ന ഇദ്ദേഹത്തിന്റെ സൈക്കിൾ യാത്ര അവസാനിക്കുന്നത് കോട്ടൂരിലെ ഈ ലേലംവിളി കേന്ദ്രത്തിലാണ്. കാണി ഭാഷ ഇഴുകിച്ചേരുന്ന ഈ ലേലംവിളിക്ക് കോട്ടൂരിന്റെ ചരിത്രത്തോളം തന്നെ പ്രാധാന്യമുണ്ട്. ലേലം വിളിയെ തന്റെ ഉപജീവനമാക്കി ഇന്നും തുടർന്ന് പോകുന്ന ഈ സൈക്കിൾ സ്‌നേഹിയാണ് കാടിനുള്ളിൽ ആദ്യമായി സൈക്കിൾ എത്തിച്ചത്.
തിരുവനന്തപുരം ജില്ലയിലെ കോട്ടൂർ കാണിച്ചന്തയിലേക്കുള്ള മണിയണ്ണന്റെ ഈ സൈക്കിൾ യാത്ര ഇന്നും തുടർന്നു കൊണ്ടേയിരിക്കുകയാണ്. കാടിനോടും, കാട്ടുമൃഗങ്ങളോടും, കാട്ടരുവിയോടും കുശലം പറഞ്ഞ് ഒരു ചെറുചിരിയോടെ, കാടുകണ്ട ആദ്യ സൈക്കിളിൽ ഉള്ള ഈ വരവും, ലേലംവിളിയും, ഇന്നും നാട്ടുകാർക്കിടയിൽ ഒരു കൗതുക കാഴ്ചയായി തുടരുകയാണ്.