
കേരളത്തിന്റെ സംസ്കാരവുമായി ഏറെ ബന്ധപ്പെട്ട് കിടക്കുന്നവയാണ് ക്ഷേത്രങ്ങളും അവിടത്തെ ഐതിഹ്യങ്ങളും. ആചാരങ്ങളും പൂജകളും കാരണം ഈ ക്ഷേത്രങ്ങൾ പരസ്പരം വ്യത്യസ്തവുമാണ്. അത്തരത്തിൽ വേറിട്ട ചിട്ടവട്ടങ്ങളും ചടങ്ങുകളും നിലനിൽക്കുന്ന കേരളത്തിലെ ഒരു ക്ഷേത്രമാണ് ആലപ്പുഴ ജില്ലയിലെ ചേർത്തല കാർത്ത്യായനി ക്ഷേത്രം. ആദിപരാശക്തിയുടെ ഏറ്റവും മനോഹര രൂപമായ കാർത്ത്യായനിയാണ് ഇവിടത്തെ മുഖ്യ പ്രതിഷ്ഠ. ദേവീയോടൊപ്പം മറ്റ് നിരവധി ദേവീ ദേവന്മാരും ഇവിടെ ഉപദേവതകളായി വാഴുന്നു. ഇവിടത്തെ പ്രധാന വഴിപാടിന്റെ പ്രസാദം സേവിക്കുന്നത് രോഗശാന്തിക്ക് കാരണമാകുമെന്നാണ് വിശ്വാസം.
ഐതിഹ്യം
ക്ഷേത്രത്തിലെ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ഐതിഹ്യം, ക്ഷേത്രം സ്ഥിതിചെയ്യുന്ന ചേർത്തല നഗരത്തിന്റെ കഥ കൂടെയാണ്.
തിരുവനന്തപുരത്തിൽ നിന്ന് വില്വമംഗലം സ്വാമിയാർ ഗുരുവായൂരിലേക്ക് യാത്ര പോകുന്നതിനിടയിൽ ചേർത്തലയിൽ വിശ്രമിക്കാനായി തങ്ങി. നിരവധി അരയന്നങ്ങൾ നീന്തുന്ന മനോഹരമായ ഒരു കുളത്തിന്റെ സമീപമായി കാണുന്ന ഒരു മരത്തിന്റെ ചുവട്ടിലാണ് സ്വാമിയാർ വിശ്രമിച്ചത്. ഇതിനിടയിൽ അതി സുന്ദരിയായ ഒരു കന്യകയെ അദ്ദേഹം കണ്ടു. കണ്ട മാത്രയിൽ തന്നെ തന്റെ മുന്നിൽ നിൽക്കുന്നത് ദുർഗാദേവിയാണെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം ദേവിയുടെ സമീപത്തേക്ക് സഞ്ചരിച്ചു. സ്വാമിയാറിനെ കണ്ട മഹാദേവി കുളത്തിലേക്ക് എടുത്ത് ചാടി. ഇങ്ങനെ ആറ് ദിവസവും വില്വമംഗലം സ്വാമിയാറിനെ കണ്ടപ്പോൾ ദേവി കുളത്തിൽ ചാടി ഒളിച്ചു. ഏഴാമത്തെ ദിവസം ഭഗവതി ചാടിയ കുളത്തിൽ നിറയെ ചേറ് ആയിരുന്നു. ചേറിലേക്ക് താഴുന്നതിന് മുൻപെ വില്വമംഗലം പരാശക്തിയുടെ മുടിയിൽ പിടിച്ച് ഉയർത്തി. ചേറിലായ തല എന്ന എന്നതുമായി ബന്ധപ്പെട്ട് ചേർത്തല എന്ന പേര് ഉണ്ടായതെന്നാണ് വിശ്വാസം. ഇതിന് ശേഷം ക്ഷേത്രം സ്ഥാപിക്കപ്പെട്ടുവെന്നും കരുതപ്പെടുന്നു.
പ്രതിഷ്ഠ
മുഖ്യ പ്രതിഷ്ഠയായ കാർത്ത്യായനിക്ക് പുറമേ മറ്റ് ഉപദേവതകളുമുണ്ട്. ഗണപതി, ശാസ്താവ്, നാഗദൈവങ്ങൾ, മഹാവിഷ്ണു എന്നിവയാണ് ഉപദേവതകൾ. ശിവ ഭഗവാനെയും വിഷ്ണു ഭഗവാനെയും ഒരുമിച്ച് പ്രതിഷ്ഠിച്ചിരിക്കുന്ന അപൂർവ ക്ഷേത്രങ്ങളിൽ ഒന്നാണിത്.

വഴിപാടുകൾ
വഴിപാടുകളുടെ പേരിലാണ് കാർത്ത്യായനി ക്ഷേത്രം ഏറെ വേറിട്ട് നിൽക്കുന്നത്. കോഴിയെ പറപ്പിക്കലാണ് ഇവിടത്തെ പ്രധാന വഴിപാട്. ഇതിലേക്കായി ഭക്തർ കൊണ്ടുവരുന്ന നിരവധി കോഴികളെ എപ്പോഴും ക്ഷേത്രത്തിനുള്ളിൽ കാണാൻ കഴിയും. തടിവഴിപാടാണ് ഇവിടത്തെ മറ്റൊരു പ്രധാന വഴിപാട്. അരിപ്പൊടി, തേൻ, പഴം, മുന്തിരിങ്ങ, കല്ക്കണ്ടം, ചുക്കുപ്പൊടി, ഏലക്കപ്പൊടി, ജീരകപ്പൊടി എന്നിവ ചേർത്താണ് ഈ വഴിപാടിനായുള്ള പ്രസാദം നിർമ്മിക്കുന്നത്. തുടർന്ന് കുഴൽരൂപത്തിൽ ചുരുട്ടിയെടുത്ത പാളയിൽ ഈ മിശ്രിതം നിറയ്ക്കുന്നു. അതിന് ശേഷം മണ്ണിൽ കുഴിച്ചിട്ട് അതിന് മുകളിൽ തീയിട്ട് ചുട്ടെടുക്കുകയാണ്. രോഗം മാറാൻ, പ്രശ്നങ്ങൾ ഒഴിയാൻ, നിരവധിപ്പേരാണ് ഈ വഴിപാട് നേരുന്നത്.
ഉത്സവം ആരംഭിച്ച് ദിവസങ്ങൾക്ക് ശേഷം കൊടിയേറ്റം
സാധാരണയായി ക്ഷേത്രങ്ങളിൽ കൊടിയേറ്റത്തോടെയാണ് ഉത്സവം ആരംഭിക്കുന്നത് എന്നാൽ ഇവിടെ ഉത്സവം ആരംഭിച്ച് ദിവസങ്ങൾക്ക് ശേഷമാണ് കൊടിയേറ്റം നടക്കുന്നത്. ഇത് കൂടാതെ ദേവീ പ്രതിഷ്ഠക്കും പ്രത്യേകതകളുണ്ട്. തറനിരപ്പിൽ നിന്ന് നാലടിയോളം താഴെയാണ് ദേവിയെ പ്രതിഷ്ഠിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ദേവി സ്വയഭൂപ്രതിഷ്ഠയാണന്നൊരു ഐതിഹ്യവും ഉണ്ട്. സരസ്വതി, ലക്ഷ്മി, ദുർഗ തുടങ്ങിയ നിരവധി ഭാവങ്ങളിൽ ഇവിടെ ദേവി ആരാധിക്കപ്പെടുന്നു.
എങ്ങനെ എത്താം
ആലപ്പുഴ ജില്ലയിലെ ചേർത്തല നഗരത്തിൽ റോഡിന് അരികിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.