
ലണ്ടൻ : ഒമിക്രോൺ ഭീകരത ശരിക്കും അറിഞ്ഞ് ബ്രിട്ടൻ. കഴിഞ്ഞ ദിവസം രാജ്യത്ത് 88,000ത്തിലധികം കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൊവിഡ് രോഗബാധ ആരംഭിച്ചതിന് ശേഷം ബ്രിട്ടനിൽ ഇത്രയും പേർക്ക് ഒരു ദിവസം രോഗം സ്ഥിരീകരിക്കുന്നത് ആദ്യമാണ്. ഒമിക്രോണിന്റെ വ്യാപന ശേഷി മറ്റു വൈറസ് വകഭേദങ്ങളെ അപേക്ഷിച്ച് കൂടുതലാണെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് ബ്രിട്ടനിലെ രോഗവ്യാപനം. കഴിഞ്ഞ ബുധനാഴ്ച 78,610 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. അടുത്ത മാസത്തോടെ ഒമിക്രോൺ ബാധ രാജ്യത്ത് കടുക്കുമെന്നായിരുന്നു മുന്നറിയിപ്പ് ഉണ്ടായിരുന്നത്.
ഇതുവരെ കൊവിഡ് ബാധിച്ച് ബ്രിട്ടനിൽ മരണപ്പെട്ടത് 147,000 പേരാണ്. ഇതിൽ കഴിഞ്ഞ ദിവസം മാത്രം മരണത്തിന് കീഴടങ്ങിയത് 146 പേരാണ്. ദക്ഷിണാഫ്രിക്കയ്ക്ക് ശേഷം ഒമിക്രോൺ പടർന്ന് പിടിക്കുന്ന രാജ്യമായി ബ്രിട്ടൻ മാറുകയാണ്. 67 ദശലക്ഷത്തിലധികം ജനസംഖ്യയുള്ള യുകെയിൽ പതിനൊന്ന് ദശലക്ഷത്തിലധികം ആളുകൾക്കാണ് രോഗം പിടിപെട്ടത്. ഇവരിൽ 9,617,941 പേർ സൗഖ്യം പ്രാപിച്ചു. നിലവിൽ രാജ്യത്തെ സജീവ കൊവിഡ് രോഗികളുടെ എണ്ണം 1,245,554 ആണ്. ഒമിക്രോൺ വ്യാപനത്തിന്റെ ഫലമായി രാജ്യത്ത് വിവിധ ഇടങ്ങളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മരണ നിരക്ക് ഒമിക്രോൺ വകഭേദത്തിന് കുറവാണെങ്കിലും ആശുപത്രിയിൽ കിടക്കകൾ അതിവേഗം നിറഞ്ഞാൽ അത് പ്രതിസന്ധി സൃഷ്ടിക്കും. അതേസമയം ഒമിക്രോൺ ഭീതിയിൽ ജനം വാക്സിനെടുക്കാൻ സ്വയം തയ്യാറായി മുന്നോട്ട് വരുന്നുമുണ്ട്.