dog

മുംബയ്: തെരുവ് നായ്‌ക്കൾക്ക് തീറ്റ നൽകിയതിന്റെ പേരിൽ പിഴ വന്നത് എട്ടു ലക്ഷം രൂപ. നവി മുംബയിലെ എൻ ആർ ഐ കോംപ്ലക്‌സിലെ താമസക്കാരി അൻഷു സിംഗിനാണ് ഇത്രയും വലിയ തുക പിഴയടയ്ക്കേണ്ടി വന്നത്. തുടർന്ന്, റെസി‌ഡൻഷ്യൽ സൊസൈറ്റി മാനേജ്മെന്റ് കമ്മറ്റിക്കെതിരെ അവർ പരാതിയുമായി രംഗത്തെത്തി.

ഹൗസിംഗ് കോപ്ലംക്‌സിനുള്ളിൽ തെരുവ് നായ്‌ക്കൾക്ക് ഭക്ഷണം നൽകിയാൽ ഒരു ദിവസം 5000 രൂപയാണ് പിഴ. ഇതുവരെയുള്ള എല്ലാ പിഴയും ചേർത്താണ് ഇപ്പോൾ എട്ടു ലക്ഷം രൂപ ഒരുമിച്ച് വന്നിരിക്കുന്നത്. ഫ്ലാറ്റിലെ മറ്റൊരാൾക്കും ആറ് ലക്ഷം രൂപയുടെ പിഴ ചുമത്തിയിട്ടുണ്ട്.

തെരുവ് നായകളുടെ ശല്യം കൂടിയതോടെയാണ് അവയ്‌ക്ക് തീറ്റ നൽകുന്നവർക്കെതിരെ പിഴ ചുമത്താൻ മാനേജ്മെന്റ് കമ്മിറ്റി തീരുമാനിച്ചത്. തുടർന്ന് ഈ വർഷം ജൂലായിലാണ് പിഴ ഈടാക്കി തുടങ്ങിയത്. കുട്ടികളും വൃദ്ധരും പുറത്തുപോകുമ്പോഴെല്ലാം നായ്‌ക്കളുടെ ശല്യം രൂക്ഷമാകുന്നുവെന്ന പരാതി വ്യാപകമായി ഉയർന്നതിനെ തുടർന്നാണ് അത്തരമൊരു തീരുമാനത്തിലേക്ക് കടന്നതെന്നാണ് മാനേജ്‌മെന്റ് കമ്മിറ്റി പറയുന്നത്.