
ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ തന്നെ കുറ്റ വിമുക്തനാക്കണം എന്നാവശ്യപ്പെട്ട് നടൻ ദിലീപ് സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജി പിൻവലിച്ചു. കേസിന്റെ വിചാരണ പൂർത്തിയാകുന്ന സാഹചര്യത്തിലാണ് ഹർജി പിൻവലിച്ചത്. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് ദിലീപ് ഈ ആവശ്യം ഉന്നയിച്ച് കോടതിയെ സമീപിച്ചത്.
കേസിൽ താൻ ഇരയാണെന്നും ക്വട്ടേഷൻ സംഘം തന്നെ കുടുക്കിയതാണെന്നുമാണ് ദിലീപ് ഹർജിയിൽ പറഞ്ഞിരുന്നത്. ജസ്റ്റിസ് എ.എം.ഖാൻവീൽക്കര്‍ അദ്ധ്യക്ഷനായ ബെഞ്ച് കേസ് പരിഗണിക്കാനിരിക്കെയാണ് ദിലീപ് ഹർജി പിൻവലിച്ചത്
നടിയെ ആക്രമിച്ച കേസില്‍ നിന്നും ഒഴിവാക്കണമെന്ന ദിലീപിന്റെ ആവശ്യം നേരത്തെ വിചാരണ കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് 2020 ജനുവരിയില്‍ ദിലീപ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.
2017 ഫെബ്രുവരി 17 ന് കൊച്ചിയില്‍ ദേശീയപാതയിലൂടെ സഞ്ചരിച്ച സിനിമാനടിയുടെ വാഹനത്തില്‍ അതിക്രമിച്ചു കയറിയ അക്രമിസംഘം താരത്തെ ആക്രമിക്കുകയും അപകീര്‍ത്തികരമായി ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയുമായിരുന്നു. കേസിൽ ദിലീപിനെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിരുന്നു.