
ഏറെ പ്രതീക്ഷകളോടെ എത്തിയ സിനിമയാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. പ്രിയദർശനും മോഹൻലാലും ഒന്നിച്ച ചിത്രത്തിൽ താരങ്ങളുടെ മക്കളെത്തിയതും പ്രേക്ഷകർക്ക് കൗതുകമായി. മോഹൻലാലിന്റെ മകൻ പ്രണവും പ്രിയദർശന്റെ മകൾ കല്യാണിയും സുരേഷ് കുമാറിന്റെ മകൾ കീർത്തിയും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. എന്നാൽ, അവരൊന്നും എത്തിയത് മുൻകൂട്ടി നിശ്ചയിച്ച പ്രകാരമായിരുന്നില്ലെന്നാണ് മോഹൻലാൽ പറയുന്നത്.
' സിനിമയുടെ ചർച്ച നടക്കുന്ന സമയത്ത് പ്രണവോ കല്യാണിയോ കീർത്തിയോ ചർച്ചയിൽ പോലുമില്ല. ഈ സിനിമ എത്രയോ മുന്നേ പ്ലാൻ ചെയ്‌തതാണ്. അന്നൊന്നും ഇവരാരും സിനിമയിലേക്ക് എത്തിയിട്ടില്ല. പ്രണവിന്റെ സീനുകളൊന്നും ഞാൻ നേരിട്ട് കണ്ടിട്ടില്ല. ഈ പ്രായത്തിൽ അന്ന് ഞാനും ഇതൊക്കെ തന്നെയാണ് ചെയ്‌തത്. അതുകൊണ്ട് എനിക്കതിൽ വലിയ അത്ഭുതമില്ല.
സംഘട്ടന രംഗങ്ങളിൽ ഡ്യൂപ്പില്ലാതെ സാഹസികമായി അയാൾ ചെയ്‌തു. അതിനോട് സ്നേഹമുള്ളവർക്കേ അങ്ങനെ ചെയ്യാൻ കഴിയൂ. അല്ലാതെതന്നെ പ്രണവ് അങ്ങനെയുള്ള ഒരാളാണ്. റോക്ക് ക്ലൈമ്പർ ആണ്. അയാൾക്ക് അത്തരത്തിലുള്ള കാര്യങ്ങൾ കൂടുതൽ വഴങ്ങും. 'ആദി"യിൽ തന്നെ ഒരുപാട് ആക്ഷൻ രംഗങ്ങളുണ്ട്. ഇതിൽ ഒരുപാട് ആക്ഷൻ സീനൊന്നുമില്ലെങ്കിലും ഉള്ളത് നന്നായി ചെയ്‌തുവെന്ന് തന്നെയാണ് വിശ്വസിക്കുന്നത്."
ചിത്രത്തിനെതിരെ ഉയർന്ന ഡിഗ്രേഡിംഗിനെ കുറിച്ചും പ്രിയദർശനുമായുള്ള കൂട്ടുക്കെട്ടിനെ കുറിച്ചും താരം സംസാരിച്ചു. 'ഓരോ സിനിമ കഴിയുമ്പോഴും കൂടുതൽ നന്നാകുന്ന ആളാണ് പ്രിയൻ. രണ്ടുപേരുടെയും കമ്മിറ്റ്മെന്റാണ് ഞങ്ങളുടെ ചിത്രത്തിന്റെ വിജയം. ഇതൊരു പ്രിയദർശൻ മോഹൻലാൽ ചിത്രമായി മാത്രം കാണരുത്. രാജ്യം അംഗീകരിച്ച സിനിമയാണ്, മോശമാണേൽ മോശമാണെന്ന് പറയാം. പക്ഷേ ചിത്രം കാണാതെ ഡീഗ്രേഡ് ചെയ്യുന്നത് മോശമാണ്.
ഒടിടിക്ക് കൊടുത്ത സിനിമയാണ് തിരിച്ചുവാങ്ങി തീയേറ്ററിൽ പ്രദർശിപ്പിച്ചത്. മാസ് സിനിമ പ്രതീക്ഷിച്ചാകും കൂടുതൽ പേരും എത്തിയത്. ഇതൊരു ചരിത്ര സിനിമയാണ്. മരക്കാർ എന്ന ആളിന് ഇങ്ങനെ പെരുമാറാൻ കഴിയൂ. പ്രേക്ഷകർക്ക് വേണ്ട മാസ് സിനിമകൾ പിന്നാലെ വരുന്നുണ്ട്. സിനിമ ഒരുപാട് പേരുടെ അദ്ധ്വാനമാണ്. അതിനെ നശിപ്പിക്കാതിരിക്കുക, പകരം കൂട്ടായി നിന്ന് സംരക്ഷിക്കുകയാണ് വേണ്ടത്."