pinarayi-vijayan

ആലുവ: സി.പി.എം ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ തിങ്കളാഴ്ച ആലുവ പാലസിൽ എത്തിയത്. അവിടെ താമസിച്ച് ആഹാരവും കഴിച്ച ശേഷം ബുധനാഴ്ചയാണ് തിരുവനന്തപുരത്തേയ്ക്ക് മടങ്ങിയത്. പാലസ് മാനേജർ ജോസഫ് ജോണിനെ മുറിയിലേയ്ക്ക് വിളിപ്പിച്ച് താമസവും ഭക്ഷണവുമൊക്കെ നന്നായിരുന്നു എന്നു പറഞ്ഞ ശേഷമാണ് അദ്ദേഹം മടങ്ങിയത്. കർക്കശക്കാരനായ മുഖ്യമന്ത്രിയിൽ നിന്നും ലഭിച്ച ഈ അഭിനന്ദനം പുതുമയായി എന്ന് ജീവനക്കാർ പറയുന്നു.

ഇന്നലെ ആലുവ പാലസിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകാനായി കൊച്ചി വിമാനത്താവളത്തിലെത്തിയ സമയത്ത് മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനത്തിന് വീഴ്ച സംഭവിച്ചിരുന്നു. പൈലറ്റ് വാഹനത്തിന്റെ സുരക്ഷാ വീഴ്ചയെന്നായിരുന്നു ആഭ്യന്തര വകുപ്പിന്റെ വിലയിരുത്തൽ. ഡിപ്പാർച്ച‌ർ ടെർമിനലിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട മുഖ്യമന്ത്രിയെ പൊലീസ് എത്തിച്ചത് യാത്രക്കാർ വന്നിറങ്ങുന്ന അറൈവൽ ടെർമിനലിലേയ്ക്കായിരുന്നു. അദ്ദേഹം കാറിൽ നിന്നും പുറത്തേയ്ക്കിറങ്ങിയ ശേഷമാണ് സ്ഥലം തെറ്റിയെന്ന കാര്യം തിരിച്ചറിഞ്ഞത്. വഴി തെറ്റിച്ച പൊലീസ് ഉദ്യോഗസ്ഥരോട് അതൃപ്തി അറിയിച്ച ശേഷമാണ് മുഖ്യമന്ത്രി തിരികെ കാറിൽ കയറി ഡിപ്പാർച്ചറിൽ എത്തിയത്. വാരാപ്പുഴ ,മുനമ്പം പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരാണ് രണ്ടു ജീപ്പുകളിലായി മുഖ്യമന്ത്രിയ്ക്ക് പൈലറ്റ് പോയത്. ഈ ഉദ്യോഗസ്ഥരെ റൂറൽ എസ്പിയും ഡിജിപിയും വിളിപ്പിച്ചിട്ടുണ്ടായിരുന്നു.