imran-khan

ന്യൂഡൽഹി: പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ വീട്ടുചെലവുകൾ വഹിക്കുന്നത് അദ്ദേഹത്തിന്റെ സഹായികൾ ആണെന്ന തന്റെ പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നതായി പാകിസ്ഥാൻ തെഹരീക് ഇ ഇൻസാഫ് ( പി ടി ഐ ) മുൻ അംഗമായ റിട്ടയേർഡ് ജസ്റ്റിസ് വാജിഹുദ്ദീൻ അഹമ്മദ്. തനിക്കെതിരെ ആർക്കെങ്കിലും മാനനഷ്ടത്തിന് കേസ് നൽകണമെന്നുണ്ടെങ്കിൽ കോടതികൾ തുറന്നിരിക്കുകയാണെന്നും വാജിഹുദ്ദീൻ അഹമ്മദ് പറഞ്ഞു. കറാച്ചിയിലെ ബഹദൂരാബാദിലുള്ള മുത്തഹിദ ഖ്വാമി മൂവ്‌മെന്റ് ഓഫീസിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പി ടി ഐയിൽ നിന്നുമകന്ന നേതാവ് ജഹാംഗീർ ഖാൻ തരീനാണ് അഞ്ച് മില്യൺ പാകിസ്ഥാൻ രൂപയോളം ( ഇരുപത്തിയൊന്ന് ലക്ഷം ഇന്ത്യൻ രൂപ ) ഇമ്രാൻ ഖാന്റെ വീട്ടുചെലവുകൾക്കായി എല്ലാമാസവും നൽകിയിരുന്നതെന്ന് ബോൾ ന്യൂസിലെ പരിപാടിക്കിടെ വാജിഹുദ്ദീൻ അഹമ്മദ് വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇത് സംബന്ധിച്ച തെളിവുകളൊന്നും അദ്ദേഹം ഹാജരാക്കിയില്ല.

ഇമ്രാൻ ഖാൻ സത്യസന്ധനല്ലെന്നും സ്വന്തം വീട്ടുചെലവുകൾ പോലും വർഷങ്ങളായി നോക്കാറില്ലെന്നും വാജിഹുദ്ദീൻ അഹമ്മദ് ആരോപിച്ചു. തുടക്കത്തിൽ ജഹാംഗീർ ഖാൻ തരീൻ മൂന്ന് മില്യൺ പാകിസ്ഥാൻ രൂപയാണ് ( പന്ത്രണ്ട് ലക്ഷം) നൽകിയിരുന്നതെന്നും എന്നാലിത് തികയില്ലെന്ന് മനസിലാക്കിയതോടെ അഞ്ച് മില്യണായി വർദ്ധിപ്പിക്കുകയായിരുന്നെന്നും അഹമ്മദ് പറഞ്ഞു. എന്നാൽ ഇമ്രാൻ ഖാന്റെ വീടായ ബാനിഗലയുടെ ചെലവുകൾക്കായി താൻ ഒരു പൈസ പോലും നൽകാറില്ലായിരുന്നുവെന്നാണ് ജഹാംഗീർ ഖാൻ തരീൻ പ്രതികരിച്ചത്. വസ്തുത അംഗീകരിക്കാൻ വിസമ്മതിക്കുകയല്ലാതെ തരീന് മറ്റ് മാ‌ർഗമില്ലെന്ന് പ്രതികരണത്തിന് മറുപടിയായി അഹമ്മദ് പറഞ്ഞു. ഈ കണക്കുകൾ രേഖപ്പെടുത്തിയിട്ടില്ലാത്തതിനാൽ ഇക്കാര്യങ്ങൾ നിഷേധിക്കുന്നത് തരീന് എളുപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.