marriage

ന്യൂഡൽഹി: സ്ത്രീകളുടെ വിവാഹപ്രായം 18 ൽനിന്ന് 21 ആക്കാനുള്ള തീരുമാനത്തിൽ എതിർപ്പുമായി അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ. നിലവിലെ വ്യവസ്ഥയെ തകർക്കുന്ന തീരുമാനം എന്നും വിപരീത ഫലം മാത്രമേ ഉണ്ടാക്കൂ എന്നുമാണ് അസോസിയേഷൻ ചൂണ്ടിക്കാണിക്കുന്നത്. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളായ പോഷകാഹാരം, വിദ്യാഭ്യാസം, തൊഴില്‍ എന്നിവ നിറവേറ്റുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ സ്ത്രീശാക്തീകരണത്തിന്റെ പേരില്‍ നടത്തുന്ന നീക്കം ഫലപ്രദമല്ലെന്നാണ് ജനാധിപത്യ മഹിള അസോസിയേഷൻ നിലപാട്.

കേന്ദ്രസർക്കാർ തീരുമാനത്തെ എതിർത്ത് സി പി എം നേതാവ് ബൃന്ദാ കാരാട്ടും രംഗത്തെത്തി. തീരുമാനം സ്ത്രീ ശാക്തീകരണത്തിന് സഹായകമല്ലെന്നും സ്ത്രീകൾക്ക് പോഷകാഹാരം, പഠനം എന്നിവ ഉറപ്പുവരുത്തുകയാണ് ആദ്യം വേണ്ടതെന്നും ബൃന്ദ വ്യക്തമാക്കുന്നു.

വിവാഹപ്രായം കൂട്ടുന്നതിനെതിരെ മുസ്ലീം ലീഗും രംഗത്തെത്തിയിട്ടുണ്ട്. വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ലീഗ് എം.പിമാർ പാര്‍ലമെന്റിന്റെ ഇരുസഭകളിലും അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകി. വിവാഹ പ്രായം 18ൽ നിന്ന് 21 ആയി ഉയർത്തുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്നും ഇത് ഏകീകൃത സിവിൽ കോഡിലേക്കുള്ള നീക്കമാണെന്നുമാണ് ലീഗ് ആരോപിക്കുന്നത്. മുസ്‌ലിം വ്യക്തി നിയമത്തിനെതിരെയുള്ള കടന്നു കയറ്റമാണ് ഇതെന്നും ആരോപണമുണ്ട്. വിഷയത്തിൽ കോൺഗ്രസിന്റെ ഔദ്യോഗിക നിലപാട് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

സ്ത്രീകളുടെ വിവാഹപ്രായം 18ൽനിന്ന് 21 ആക്കാനുള്ള ബിൽ പാർലമെന്റിന്റെ നടപ്പുസമ്മേളനത്തിൽ അവതരിപ്പിക്കും.ബില്ലിന് കഴിഞ്ഞദിവസം മന്ത്രിസഭ അനുമതിനൽകി. സ്ത്രീകളുടെ വിവാഹപ്രായം ഉയർത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞവർഷത്തെ സ്വാതന്ത്ര്യദിനപ്രസംഗത്തിൽ പ്രഖ്യാപിച്ചിരുന്നു.

സ്പെഷ്യൽ മാരേജ് ആക്ട്, 2006-ലെ ബാലവിവാഹ നിരോധനനിയമം, 1955-ലെ ഹിന്ദു മാരേജ് ആക്ട് എന്നിവ ഇതിനായി ഭേദഗതിചെയ്യും. ഈ മൂന്നുനിയമത്തിലും സ്ത്രീകൾക്ക് 18-ഉം പുരുഷന്മാർക്ക് 21-ഉം ആണ് ചുരുങ്ങിയ വിവാഹപ്രായം. സ്ത്രീകളുടെ ചുരുങ്ങിയ വിവാഹപ്രായം 15-ൽനിന്ന് 18 ആക്കിയത് 1978-ലായിരുന്നു.