
തിരുവനന്തപുരം: ദേശീയപാതയുടെ സർവീസ് റോഡുകളിൽ നിന്ന് പുതിയ വ്യാപാര സ്ഥാപനങ്ങളിലേക്ക് വഴി തുറക്കണമെങ്കിൽ ദേശീയപാത അതോറിറ്റിക്ക് വൻതുക ഫീസ് ഇനത്തിൽ നൽകണം. 2.92 ലക്ഷം രൂപയാണ് സർക്കാർ ഭൂമിയിലേക്കുള്ള പ്രവേശന ഫീസ് എന്ന പേരിൽ അതോറിറ്റിയിലേക്ക് അടക്കേണ്ടത്.
ഈ ചട്ടം നിലവിൽ ഉണ്ടായിരുന്നെങ്കിലും നിർബന്ധമായിരുന്നില്ല. എന്നാൽ ഇപ്പോൾ അനുമതി വാങ്ങാതെ വഴി തുറക്കുന്നവർക്ക് നോട്ടീസ് നൽകി തുടങ്ങിയിരിക്കുകയാണ്. ദേശീയപാതയോരത്ത് വ്യാപാര സ്ഥാപനങ്ങൾ തുടങ്ങുന്നതിന് അനുമതി പത്രം നൽകുന്നതിന് മുൻപ് ദേശീയപാത അതോറിറ്റിയുടെ അനുമതി വാങ്ങണമെന്നാവശ്യപ്പെട്ട് പഞ്ചായത്തുകൾക്ക് എൻഎച്ച്എഐ കത്തും നൽകി.
നിലവിലെ ചട്ട പ്രകാരം ഒരു ഷട്ടർ മുറിക്കു ഫീസില്ല. ബാക്കി എല്ലാ സ്ഥാപനങ്ങളും ഫീസ് നൽകണം. 5 വർഷമാണ് കാലാവധി. അപേക്ഷ നൽകുമ്പോൾ 10,000 രൂപയും ഇൻസ്‌പെക്‌ഷൻ ഫീസായി 20,000 രൂപയും പിന്നീട് അനുമതി ലഭിക്കുന്ന മുറയ്ക്കു 2.62 ലക്ഷവും അടയ്ക്കണം. കെട്ടിടത്തിന്റെ പ്ലാൻ സമർപ്പിക്കുമ്പോൾ അര കിലോമീറ്റർ ഭാഗത്തെ ദേശീയപാതയുടെ സിഗ്നലുകളും അടിപ്പാതകളും സംബന്ധിച്ച വിവരങ്ങൾ രേഖപ്പെടുത്തണം. ദേശീയപാതയിൽ നിന്നു നേരിട്ട് പ്രവേശനമില്ല സർവീസ് റോഡുകളിൽ നിന്നു മാത്രമാണ് സ്ഥാപനങ്ങളിലേക്ക് പ്രവേശനം അനുവദിക്കുക. ഇതിലൂടെ കേരളത്തിലെ ആദ്യ ആറുവരി പാതയ്ക്കായി 60 മീറ്റർ വീതിയിൽ സ്ഥലം നൽകിയവർക്ക് ഉൾപ്പെടെ പുതിയ സ്ഥാപനങ്ങൾ തുടങ്ങുമ്പോൾ വൻ തുക പ്രവേശന വഴിയുടെ ഫീസായി നൽകേണ്ടി വരും.