അല്ലു അർജുന്റെ പുത്തൻ ലുക്കും ഫഹദ് ഫാസിലിന്റെ സാന്നിദ്ധ്യവും കൊണ്ട് റിലീസിന് മുന്നേ തന്നെ ആരാധകരെ ആവേശം കൊള്ളിക്കാൻ പുഷ്‌പയ്‌ക്ക് കഴിഞ്ഞു. ചിത്രം കണ്ടിറങ്ങുമ്പോൾ ആ കാത്തിരിപ്പ് ഒട്ടും മോശമായില്ല എന്നു തന്നെ പറയാം. കെജിഎഫിനെ ഓർമ്മിപ്പിക്കുന്ന തരത്തിലുള്ള മാസ് ചിത്രം.

നടനെന്ന നിലയിൽ അല്ലു അർുജുന്റെ കരിയറിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ പോകുന്ന ചിത്രമായിരിക്കും ഇത്. ഇതുവരെ ചെയ്തുവന്ന പോസിറ്റീവ് വേഷങ്ങളിൽ നിന്നും വേറിട്ട് അല്ലുവിന്റെ ഡാർക്ക് ഷേ‌ഡ് ആണ് ചിത്രത്തിലുടനീളം തെളിയുന്നത്. ആക്ഷനിൽ ഒരുപടി കൂടി ഉയർന്നുവെന്നും പറയാം. പരീക്ഷണാത്മകമായി ചെയ്ത വേഷത്തിൽ തുടക്കം മുതൽ ഒടുക്കം വരെ അദ്ദേഹം കാത്തു സൂക്ഷിച്ച ശരീര ഭാഷയെ പ്രശംസിക്കാതിരിക്കാനാകില്ല. മുമ്പ് കണ്ട് പരിചയിച്ച അല്ലു അർജുനെ ഈ സിനിമയിൽ കാണാൻ കഴിയില്ല.

pushpa

മാസ് സീനുകളും മാസ് പെർഫോമൻസും തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. കാമറയും ഗംഭീരമായി ചെയ്‌തിരിക്കുന്നു. സ്ലോ മോഷൻ ആക്ഷൻ സ്വീകൻസുകൾ ഭംഗിയായി ചെയ്‌തിട്ടുണ്ട്. തീർച്ചയായും അല്ലുഅർജുന്റെ ആരാധകരെ ആവേശം കൊള്ളിക്കാൻ പോന്ന ഒത്തിരി ഘടകങ്ങൾ ചിത്രത്തിലുണ്ട്.

ഫഹദ് ഫാസിലിന്റെ കഥാപാത്രമെത്തുന്നത് ചിത്രത്തിന്റെ അവസാന ഭാഗങ്ങളിലാണ്. അതോടെ സിനിമ മറ്റൊരു തലത്തിലേക്ക് ഉയരും. സെക്കൻഡ് പാർട്ടിനുള്ള സൂചനകളെല്ലാം ചിത്രത്തിൽ കാണിക്കുന്നുണ്ട്. രശ്മിക മന്ദാന തന്റെ റോൾ മികച്ച രീതിയിൽ അവതരിപ്പിച്ചു.

സിനിമയുടെ ഒരു ഭാഗത്ത് പുഷ്പയെ പൂവ് എന്ന് വിചാരിച്ചു, പക്ഷേ ഫയർ ആണ്, ഫയർ എന്ന് അല്ലുവിന്റെ കഥാപാത്രം പറയുന്നുണ്ട്. ചിത്രം കണ്ടിറങ്ങുമ്പോഴും പ്രേക്ഷകനും ചിത്രത്തെ കുറിച്ച് പറയാനുണ്ടാവുക അത് തന്നെയാകും; ഗംഭീരമാണ് സിനിമ!