kim-jong-il

പ്യോങ്യാങ്:ഉത്തരകൊറിയയിലെ മുൻ നേതാവ് കിം ജോങ് ഇലിന്റെ പത്താം ചരമവാർഷികമായിരുന്നു ഇന്ന്. അതിന്റെ ഭാഗമായി 11 ദിവസത്തേയ്ക്ക് കടുത്ത വിലക്കുകളാണ് രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്നത്. ഇനി മുതൽ 11 ദിവസത്തേയ്ക്ക് ആരും ചിരിക്കാനോ മദ്യപിക്കാനോഷോപ്പിംഗ് നടത്താനോ പാടില്ല എന്നാണ് പറഞ്ഞിരിക്കുന്നത്. 1994 മുതൽ 2011 വരെയാണ് കിം ജോങ്-ഉനിന്റെ പിതാവായ കിം ജോങ് ഇൽ ഉത്തരകൊറിയ ഭരിച്ചിരുന്നത്.

ചിരി, മദ്യപാനം എന്നിവയ്ക്ക് പുറമെ ഒഴിവുവേളകളിൽ വിനോദത്തിലേർപ്പെടാനോ സ്വന്തം വീട്ടിൽ മരണം നടന്നാൽ ഉറക്കെകരയാനോ പാടില്ല. ചരമദിനത്തിന്റെയന്ന് പലചരക്ക് കടകളും നിരോധിച്ചിരുന്നു. ഈ സമയത്ത് ജന്മദിനം ആഘോഷിക്കുന്നതിനും വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്.

ആരെങ്കിലും നിയമം പാലിക്കാതിരുന്നാൽ അവരെ ജയിലിലടയ്ക്കും. കഴിഞ്ഞ വർഷങ്ങളിൽ ഈ നിയമം ലംഘിച്ച ആളുകളെ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്ത് കൊണ്ടുപോയിരുന്നു. ഇങ്ങനെ കൊണ്ടുപോയവരെ പിന്നീട് കണ്ടിട്ടില്ലെന്നാണ് പറയപ്പെടുന്നത്. വേണ്ടത്ര ദുഖം പ്രകടിപ്പിക്കാതെ കറങ്ങിനടക്കുന്നവരെ അറസ്റ്റ് ചെയ്യാനായി പൊലീസിന്റെ പ്രത്യേക വിഭാഗം തന്നെ പ്രവർത്തിക്കുന്നുണ്ട്. ദുഖാചരണത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്നവരെ അടിച്ചമർത്താൻ പൊലീസ് സേനയെയും വിന്യസിപ്പിച്ചിട്ടുണ്ട്. രാവും പകലും അത്തരക്കാരെ കണ്ടെത്താനുള്ള ഓട്ടത്തിലാണ് പൊലീസ് ഉദ്യോഗസ്ഥർ.

കിം ജോങ് ഇലിന്റെ ജീവിതത്തെ അനുസ്മരിച്ച് നിരവധി പരിപാടികളാണ് ഉത്തരകൊറിയയിൽ സംഘടിപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ പേരിൽ ഫോട്ടോഗ്രാഫിയും കലയും ഉൾപ്പെടുത്തിയുള്ള പൊതുദർശനവും അദ്ദേഹത്തിന്റെ പേരിലുള്ള പുഷ്പമായ 'കിംജോംഗിയ'യുടെ പ്രദർശനവും സംഘടിപ്പിച്ചിട്ടുണ്ട്.