
തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ പ്രവർത്തനങ്ങൾ മാദ്ധ്യമങ്ങളിൽ പലപ്പോഴും വാർത്തയായി നിറഞ്ഞു നിൽക്കാറുണ്ട്. അടുത്തിടെ ചെന്നൈയിലുണ്ടായ വെള്ളപ്പൊക്കത്തിൽ അദ്ദേഹവും സംഘവും നടത്തിയ രക്ഷാപ്രവർത്തനം ഏറെ ദേശീയ പ്രാധാന്യം നേടിയിരുന്നു. ദുരിതാശ്വാസ ക്യാംപുകൾ സന്ദർശിക്കുകയും അവർക്ക് ഭക്ഷണമൊരുക്കി നൽകിയും വിവാഹത്തിൽ പങ്കുകൊണ്ടുമെല്ലാം ജനങ്ങൾക്കൊപ്പം തന്നെ നിന്നു.
ഇപ്പോഴിതാ, തെന്നിന്ത്യൻ നടൻ റഹ്‌മാനും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ കുറിച്ച് അഭിനന്ദിച്ച് കുറിപ്പെഴുതിയിരിക്കുകയാണ്. തന്റെ മകളുടെ വിവാഹത്തിൽ ക്ഷണം സ്വീകരിച്ച് പങ്കെടുക്കാൻ എത്തിയതിനെ കുറിച്ചാണ് അദ്ദേഹം പറയുന്നത്.
ഹെലികോപ്ടർ അപകടം നടന്നതിന്റെ പിറ്റേ ദിവസമായിരുന്നു മകളുടെ വിവാഹം. പത്രവാർത്തകളിലൂടെ മുഖ്യമന്ത്രി അപകട സ്ഥലത്തേക്ക് തിരിച്ചെന്ന് അറിഞ്ഞതോടെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തില്ലെന്നായിരുന്നു കരുതിയതെന്നും റഹ്മാൻ പറയുന്നുണ്ട്.
' പ്രിയപ്പെട്ട മുഖ്യമന്ത്രിക്ക് ഹൃദയം നിറഞ്ഞ നന്ദി! വ്യാഴാഴ്ച 9ന് അദ്ദേഹം എന്റെ മൂത്ത മകൾ റുഷ്ദ അൽത്താഫ് നവാബിന്റെ വിവാഹച്ചടങ്ങിൽ, വിശ്രമമില്ലാതെ, ബുദ്ധിമുട്ടില്ലാതെ, നേരിൽ വന്ന് ദമ്പതികളെ ആശീർവദിച്ചു. നീലഗിരിയിൽ നിന്ന് ചെന്നൈയിലേക്ക് നീണ്ട യാത്ര ചെയ്‌ത എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി. അന്ന് രാവിലെ പത്രം വഴി അറിഞ്ഞു, നിങ്ങൾ തിടുക്കത്തിൽ നീലഗിരിക്ക് പോയിരിക്കുന്നു എന്ന്.
വിവാഹത്തിൽ പങ്കെടുക്കാൻ ഉണ്ടാകില്ലെന്നാണ് കരുതിയത്. പക്ഷേ, നിങ്ങൾ അപ്രതീക്ഷിതമായി വന്ന് അവരെ അനുഗ്രഹിച്ചത് ജീവിതത്തിലെ മറക്കാനാവാത്ത നിമിഷമായിരുന്നു. നിങ്ങളുടെ സ്‌നേഹവും മനുഷ്യത്വവും അനുഭവിക്കാൻ അവസരം ലഭിച്ചതിൽ ഞാൻ വളരെ ഭാഗ്യവാനാണ്. ദമ്പതികൾക്ക് ആശംസകൾ നേർന്ന ബഹുമാനപ്പെട്ട ആരോഗ്യമന്ത്രി സുബ്രഹ്മണ്യത്തിനും ഞങ്ങളുടെ നന്ദി അറിയിക്കുന്നു. എപ്പോഴും സ്‌നേഹത്തോടെ, റഹ്മാൻ". ഇങ്ങനെയായിരുന്നു അദ്ദേഹത്തിന്റ കുറിപ്പ്.
നവദമ്പതികൾക്ക് സമ്മാനവും നൽകിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്. രണ്ട് ബാസ്‌കറ്റുകളിലാണ് നിറയെ ചെടികളുടെയും മരങ്ങളുടെയും തൈകളാണ് അദ്ദേഹം സമ്മാനിച്ചത്. പ്രകൃതിയിലേക്ക് മടങ്ങേണ്ടുന്നതിന്റെ ആവശ്യകത ഓർമ്മിപ്പിക്കുന്ന കുറിപ്പും അതോടൊപ്പം നൽകിയിരുന്നു.