
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് മോഹൻലാൽ പ്രിയദർശൻ കോംബിനേഷനിലെ ബ്രഹ്മാണ്ഡ ചിത്രം മരയ്ക്കാർ: അറബിക്കടലിന്റെ സിംഹം തിയേറ്ററുകളിൽ എത്തിയത്. സമ്മിശ്ര പ്രതികരണങ്ങളായിരുന്നു ചിത്രത്തിന് ലഭിച്ചത്. മാസ് ഡയലോഗുകളും ആക്ഷൻ രംഗങ്ങളുമൊക്കെ പ്രതീക്ഷിച്ച ഒരുവിഭാഗം പ്രേക്ഷകരെ നിരാശപ്പെടുത്തിയെന്ന പരാതികളും ഉയർന്നിരുന്നു. ഇനി അടുത്തൊരു പ്രിയദർശൻ ചിത്രം എന്നുണ്ടാകും എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മോഹൻലാൽ.
താൻ കമ്മിറ്റ് ചെയ്ത ഒരുപാട് സിനിമകൾ ഇനിയും തീർക്കാനുണ്ട്. സ്വന്തം സംവിധാനത്തിൽ ഒരുക്കുന്ന ബറോസ് ഇനിയും പൂർത്തിയാക്കാനുണ്ട്. മോഹൻലാൽ ആദ്യമായി സംവിധായകനാകുന്ന ചിത്രം കൂടിയാണ് ബറോസ്. ജിജോ പുന്നൂസിന്റേതാണ് തിരക്കഥ. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമായ റാം ഇനിയും പൂർത്തിയാക്കാനുണ്ടെന്നും മോഹൻലാൽ പറഞ്ഞു. ചിത്രത്തിന്റെ പകുതി ഭാഗം കഴിഞ്ഞു. പകുതി യുകെയിലാണ് ചിത്രീകരിക്കുന്നത്. എഗ്രിമെന്റ് ചെയ്ത ഒന്നുരണ്ട് സിനിമകൾ ബാക്കിയുണ്ട്. ഇതിനൊക്കെ ശേഷമായിരിക്കും അടുത്തൊരു പ്രിയദർശൻ സിനിമയെന്ന് മോഹൻലാൽ പറഞ്ഞു. പ്രിയനുമൊന്ന് റിലാക്സ് ചെയ്തോട്ടെയെന്ന് മോഹൻലാൽ പ്രതികരിച്ചു.