
കണ്ണൂർ: ഒരു നൂറ്റാണ്ടായി ചൂളംവിളി ഉയരാത്ത തലശേരി- മൈസൂരു റെയിൽപാത യാഥാർത്ഥ്യമാക്കുന്നതിനായുള്ള പ്രാഥമിക നടപടിയായ ഹെലികോപ്ടർ ഉപയോഗിച്ചുള്ള സർവ്വേ കേരളത്തിന്റെ ഭാഗത്ത് കഴിഞ്ഞ ആഴ്ച പൂർത്തിയായി. പാത ഏറ്റെടുക്കാൻ കേരളം തയ്യാറാണെങ്കിലും കർണാടക സർക്കാരിന് അനക്കമില്ല. അന്തിമ റൂട്ട് നിശ്ചയിക്കാനുള്ള കേരള- കർണാടക ചീഫ് സെക്രട്ടറിമാരുടെ യോഗം പോലും കർണാടകയുടെ നിസ്സഹകരണത്തെ തുടർന്ന് നീളുന്നു.
1910ലായിരുന്നു ആദ്യ സാദ്ധ്യതാ പഠനം. പിന്നീട് സർക്കാർ തലത്തിലും ആക്‌ഷൻ കമ്മിറ്റികളുടെ നേതൃത്വത്തിലും മറ്റും പഠനങ്ങൾ നടന്നു. നാഗർഹോള, വയനാട് വന്യജീവി സങ്കേതങ്ങൾ ഒഴിവാക്കി 2017 നവംബറിൽ കേരളം സമർപ്പിച്ച രൂപരേഖ കർണാടക അംഗീകരിച്ചിരുന്നു. എന്നാൽ, തുടർ നടപടികൾക്ക് പച്ചക്കൊടി കാട്ടിയില്ല. 206 കിലോമീറ്റർ പാത 8000 കോടി രൂപയ്ക്ക് പൂർത്തിയാക്കുന്നതാണ് പദ്ധതി.
കൊങ്കൺ റൂട്ടിൽ ഒറ്റപ്പാതയായതിനാൽ മഴക്കാലങ്ങളിൽ സമയ ക്രമീകരണമുണ്ടാവാറുണ്ട്. മണ്ണിടിച്ചിലും സാധാരണയാണ്. പാത വന്നാൽ കൊങ്കൺ വഴി പോകുന്ന ദീർഘദൂര ട്രെയിനുകൾ ഇതുവഴി തിരിച്ച് വിടാം.
കബനിക്ക് അടിയിലൂടെ 11.500 കി.മി
കർണാടകത്തിലെ നാഗർഹോള, ബന്ദിപ്പൂർ വനമേഖലകൾക്കിടയിലൂടെ ഒഴുകുന്ന കബനി നദിക്കടിയിലൂടെ ടണൽ വഴി റെയിൽപാത നിർമ്മിക്കണമെന്ന നിർദേശം കേരള റെയിൽ ഡെവലപ്പ്മെന്റ് കോർപറേഷൻ കർണാടക സർക്കാറിന് സമർപ്പിച്ചിരുന്നു. 11.5 കിലോമീറ്റർ ദൂരത്തിലാണ് നദിക്കടിയിലൂടെ പാത പോകേണ്ടത്. ഇതിന്1200 കോടി ചെലവ് വരുമെന്നാണ് കണക്കുകൂട്ടൽ.
തലശ്ശേരി-മൈസൂരു പാത
ദൂരം- 206 കി.മി
സമയം -4 മണിക്കൂർ
ചെലവ്- 8000 കോടി
കേന്ദ്ര സർക്കാർ- 51%
ഇരു സംസ്ഥാനവും- 49%
പാത ഇതുവഴി
പെരിയപട്ടണ, തിത്തിമത്തി, ബലാൽ, ശ്രീമംഗല, കുട്ട, തിരുനെല്ലി അപ്പപ്പാറ, തൃശിലേരി, മാനന്തവാടി, തലപ്പുഴ, വരയാൽ, തൊണ്ടർനാട്, ചെറുവാഞ്ചേരി, കൂത്തുപറമ്പ്, കതിരൂർ ,തലശേരി.
സംസ്ഥാനത്തിന് ഏറെ പ്രയോജനം
നിലവിൽ തിരുവനന്തപുരത്ത് നിന്ന് ട്രെയിൻ മാർഗം മൈസൂരിലേക്ക് പോകണമെങ്കിൽ ഷൊർണൂരിൽ നിന്ന് പാലക്കാട് - കോയമ്പത്തൂർ -സേലം - ഹൊസൂർ- ബംഗളൂരു ചെന്നു വേണം എത്തിച്ചേരാൻ. 620 കി.മീറ്റർ കറങ്ങണം. പാത യാഥാർത്ഥ്യമായാൽ തലശേരി- മാനന്തവാടി വഴി മൈസൂരിലേക്ക് പരമാവധി 210 കി.മീറ്റർ.
കർണാടക സർക്കാരും അടിയന്തരമായി ഇടപെടണം. പാതയെ കുറിച്ചുള്ള ആശങ്കയ്ക്ക് അടിസ്ഥാനമില്ല.
വി. അജിത് കുമാർ, എം.ഡി
കേരള റെയിൽ ഡെവലപ്പ്മെന്റ് കോർപറേഷൻ
കർണാടക സർക്കാരിന്റെ അലംഭാവം ഇല്ലാതാക്കാൻ കേരള സർക്കാർ ശക്തമായി ഇടപെടണം
കെ.വി. ഗോകുൽദാസ്, ചെയർമാൻ,
റെയിൽപാത ആക്ഷൻ ഫോറം