
മുംബയ്: ഹൗസിംഗ് കോംപ്ലക്സിനുള്ളിൽ തെരുവുനായകൾക്ക് ഭക്ഷണം നൽകിയതിന്റെ പേരിൽ താമസക്കാരിയായ സ്ത്രീയ്ക്ക്എട്ട് ലക്ഷം രൂപ പിഴ ചുമത്തി മാനേജിംഗ് കമ്മിറ്റി. അൻഷു സിംഗ് എന്ന യുവതിയ്ക്കാണ് ദിവസം 5,000 രൂപ എന്ന നിരക്കിൽ 8 ലക്ഷം രൂപ പിഴയടയ്ക്കാൻ നോട്ടീസ് നൽകിയത്.
നാല്പതിലേറെ കെട്ടിടങ്ങൾ സ്ഥിതി ചെയ്യുന്ന നവി മുംബയിലെ എൻ.ആർ.ഐ കോംപ്ലക്സിന്റെ മാനേജിംഗ് കമ്മിറ്റിയാണ് യുവതിയ്ക്ക് പിഴ ചുമത്തിയത്. തെരുവുനായകൾക്ക് കെട്ടിട സമുച്ഛയത്തിനുള്ളിൽ ഭക്ഷണം നൽകുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന മാനേജിംഗ് കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് പിഴ ചുമത്തിയതെന്ന് സെക്രട്ടറി വിനിത ശ്രീനന്ദൻ പറഞ്ഞു.
പതിവായി ഭക്ഷണം നൽകുന്നതിനാൽ തെരുവുനായകൾ കെട്ടിട സമുച്ഛയത്തിൽ തമ്പടിച്ചിരിക്കുകയാണെന്നും ഇവിടുത്തെ താമസക്കാർക്ക് ഭീഷണിയായി മാറിയിരിക്കുകയാണെന്നും കമ്മിറ്റി പറയുന്നു. ഇവിടുത്തെ മറ്റൊരു താമസക്കാരിക്ക് 6 ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്.