
ന്യൂഡല്‍ഹി: സ്ത്രീകളുടെ കല്യാണ പ്രായം 21 ആക്കുന്നതിൽ എതിർപ്പുകൾ ഉയരുന്നതിനിടെ വിവാദ പരാമർശവുമായി എം. പി. പ്രത്യുത്‌പാദന ശേഷി ആര്‍ജിക്കുന്ന പ്രായമാകുമ്പോൾ തന്നെ പെൺകുട്ടികളെ വിവാഹം കഴിപ്പിക്കണമെന്നാണ് സമാജ്‌വാദി എം.പി എസ്.ടി ഹസൻ പറഞ്ഞത്.
പ്രത്യുത്‌പാദനശേഷി ആര്‍ജിക്കുന്ന പ്രായം എത്തുമ്പോള്‍ തന്നെ പെണ്‍കുട്ടികളെ കല്യാണം കഴിപ്പിച്ച് വിടണം. പക്വതയുള്ള പെണ്‍കുട്ടിയാണെങ്കില്‍ 16-ാം വയസില്‍ കല്യാണം കഴിക്കുന്നതില്‍ ഒരു തെറ്റും പറയാനില്ല. പെണ്‍കുട്ടികള്‍ക്ക് 18 വയസ് മുതല്‍ വോട്ടവകാശം വിനിയോഗിക്കാം. എന്നാല്‍ എന്തുകൊണ്ട് ഈ പ്രായത്തില്‍ കല്യാണം കഴിച്ചുകൂടായെന്നും അദ്ദേഹം ചോദിച്ചു. പെണ്‍കുട്ടികളുടെ കല്യാണ പ്രായം 21 ആക്കി ഉയര്‍ത്താനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതികരിക്കുകയായിരുന്നു എസ്.ടി. ഹസൻ.
കേന്ദ്രസർക്കാർ തീരുമാനത്തെ എതിർത്ത് സി പി എം നേതാവ് ബൃന്ദാ കാരാട്ടും നേരത്തെ രംഗത്തെത്തിയിരുന്നു. തീരുമാനം സ്ത്രീ ശാക്തീകരണത്തിന് സഹായകമല്ലെന്നും സ്ത്രീകൾക്ക് പോഷകാഹാരം, പഠനം എന്നിവ ഉറപ്പുവരുത്തുകയാണ് ആദ്യം വേണ്ടതെന്നും ബൃന്ദ വ്യക്തമാക്കുന്നു.വിവാഹപ്രായം കൂട്ടുന്നതിനെതിരെ മുസ്ലീം ലീഗും രംഗത്തെത്തിയിട്ടുണ്ട്. വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ലീഗ് എം.പിമാർ പാര്‍ലമെന്റിന്റെ ഇരുസഭകളിലും അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകി
സ്ത്രീകളുടെ വിവാഹപ്രായം 18ൽനിന്ന് 21 ആക്കാനുള്ള ബിൽ പാർലമെന്റിന്റെ നടപ്പുസമ്മേളനത്തിൽ അവതരിപ്പിക്കും.ബില്ലിന് കഴിഞ്ഞദിവസം മന്ത്രിസഭ അനുമതിനൽകി. സ്ത്രീകളുടെ വിവാഹപ്രായം ഉയർത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞവർഷത്തെ സ്വാതന്ത്ര്യദിനപ്രസംഗത്തിൽ പ്രഖ്യാപിച്ചിരുന്നു.