
കോഴിക്കോട്: തിക്കൊടി പഞ്ചായത്ത് ഓഫീസിന് മുന്നിൽവച്ച് യുവാവിന്റെ ആക്രമണത്തിനിരയായ യുവതി മരിച്ചു. തിക്കൊടി സ്വദേശിനി കൃഷ്‌ണപ്രിയ (22) ആണ് മരിച്ചത്. കൃഷ്‌ണപ്രിയയെ ആക്രമിച്ച നന്ദു എന്ന നന്ദഗോപൻ(28) അറുപത് ശതമാനത്തിലേറെ പൊളളലേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
തിക്കൊടി പഞ്ചായത്ത് ഓഫീസിന് മുന്നിൽ ഇന്ന് രാവിലെ 9.50ഓടെയായിരുന്നു സംഭവം. സംസാരിക്കുന്നതിനിടെ കൈയിൽ കരുതിയ പെട്രോൾ കൃഷ്‌ണപ്രിയയുടെ ശരീരത്തിലും ശേഷം സ്വന്തം ശരീരത്തിലുമൊഴിച്ച് നന്ദു തീ കൊളുത്തുകയായിരുന്നു. വൈകിട്ട് അഞ്ചോടെ കൃഷ്‌ണപ്രിയ മരിച്ചു. തിക്കൊടി പഞ്ചായത്തിലെ ഡി.ടി.പി താൽക്കാലിക ജീവനക്കാരിയാണ് കൃഷ്‌ണപ്രിയ. നന്ദു ഏറെനാളായി കൃഷ്‌ണപ്രിയയെ ശല്യംചെയ്‌തിരുന്നുവെന്നാണ് ബന്ധുക്കൾ നൽകിയ വിവരം. ശബ്‌ദം കേട്ട് ഓടിയെത്തിയ പഞ്ചായത്ത് ജീവനക്കാരും നാട്ടുകാരും തീയണച്ച് ഇരുവരെയും താലൂക്ക് ആശുപത്രിയെത്തിച്ചു. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. എന്നാൽ വൈകിട്ടോടെ കൃഷ്‌ണപ്രിയ മരണമടഞ്ഞു.
90 ശതമാനം പൊളളലേറ്റ നിലയിലായിരുന്നു കൃഷ്‌ണപ്രിയയെ ആശുപത്രിയിലെത്തിച്ചത്. പെട്രോൾ ഒഴിക്കുന്നതിന് മുൻപ് നന്ദു തന്നെ കുത്തി പരിക്കേൽപ്പിച്ചെന്നും കൃഷ്‌ണപ്രിയ പൊലീസിന് മൊഴിനൽകി. കൃഷ്‌ണപ്രിയയുടെ അയൽവാസിയായ നന്ദു ഏറെ നാളായി പെൺകുട്ടിയെ ശല്യം ചെയ്‌തിരുന്നു. വസ്‌ത്രധാരണത്തിലും മുടികെട്ടുന്നതിലുമടക്കം നിർദ്ദേശം നൽകുകയും കൃഷ്‌ണപ്രിയയുടെ ഫോൺ തട്ടിയെടുക്കുകയും ചെയ്‌തിരുന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു.