
തിരുവനന്തപുരം: കേരള ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷൻ (കെ.ടി.ഡി.സി) മാനേജിംഗ് ഡയറക്‌ടർ സ്ഥാനത്തുനിന്ന് വി.ആർ. കൃഷ്‌ണതേജ പടിയിറങ്ങുന്നു. ഡിസംബർ 20ന് അദ്ദേഹത്തിന്റെ പിൻഗാമിയായി വി. വിഘ്‌നേശ്വരി സ്ഥാനമേൽക്കും. നിലവിൽ കേരള ടൂറിസം ഡയറക്‌ടർ കൂടിയാണ് കൃഷ്‌ണതേജ. 2015ലെ കേരള കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥയായ വിഘ്നേശ്വരി നിലവിൽ കോളേജ് വിദ്യാഭ്യാസ ഡയറക്‌ടറാണ്.
കൃഷ്‌ണതേജയുടെ കീഴിൽ കെ.ടി.ഡി.സി നിരവധി വികസനപദ്ധതികൾ നടപ്പാക്കിയിരുന്നു. കൊവിഡിൽ ക്വാറന്റൈൻ പാക്കേജുകൾ നടപ്പാക്കി കെ.ടി.ഡി.സി ദേശീയ ശ്രദ്ധനേടിയത് കൃഷ്‌ണതേജയുടെ കാലയളവിലാണ്. 25,000ലേറെ മുറികളാണ് പാക്കേജിലൂടെ ഉപഭോക്താക്കൾക്ക് നൽകിയത്. വികസനപദ്ധതികളുടെ ഭാഗമായി ആലപ്പുഴയിൽ റിപ്പിൾ ലാന്റ്, കണ്ണൂരിൽ ലൂം ലാന്റ്, മങ്ങാട്ടുപറമ്പിൽ ഫോക്ക് ലാന്റ്, വേളിയിൽ ഫ്ളോട്ടിംഗ് റെസ്‌റ്റോറന്റായ ഫ്ളോട്ടില, ആലപ്പുഴ, കായംകുളം, വടകര എന്നിവിടങ്ങളിൽ 'ആഹാര" റെസ്‌റ്റോറന്റ് എന്നിവയും അദ്ദേഹത്തിന്റെ കീഴിലാണ് ആരംഭിച്ചത്.
കണ്ണൂർ മുഴുപ്പിലങ്ങാട് പഞ്ചനക്ഷത്ര ഹോട്ടൽ, കന്യാകുമാരിയിൽ 30 മുറികളുള്ള ഹോട്ടൽ എന്നിവയുടെ നിർമ്മാണം തുടങ്ങി. തിരുവനന്തപുരം ചൈത്രം ഹോട്ടൽ, മൂന്നാർ ടീ കൗണ്ടി എന്നിവയുടെ പുനരുദ്ധാരണം, കുമരകം പ്രീമിയം ബാക്ക്‌വാട്ടർ റിസോർട്ടായ വാട്ടർ സ്‌കേപ്‌സിന്റെ നവീകരണം തുടങ്ങിയ പ്രവർത്തനങ്ങളും ആരംഭിച്ചു.