
തിരുവനന്തപുരം: ക്യാൻസൽ ചെയ്ത രസീത് ഉപയോഗിച്ച് പണം തട്ടിയ ജീവനക്കാരനെ സസ്‌പെൻഡ് ചെയ്‌ത് മേയർ. കഴക്കൂട്ടം സോണൽ ഓഫീസിൽ ഇത്തരത്തിൽ പണം തട്ടിയെടുക്കുന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താൻ നഗരസഭ അക്കൌണ്ട്സ് വിഭാഗത്തിന് മേയർ ആര്യ രാജേന്ദ്രൻ നിർദ്ദേശം നൽകിയിരുന്നു. തുടർന്ന് നടന്ന പരിശോധനയിലാണ് 2019-20 കാലയളവിൽ റോഡ് കട്ടിംഗിനായി ഒടുക്കുന്ന തുകയിൽ തട്ടിപ്പ് നടത്തിയതായെന്ന് കണ്ടെത്തിയത്. സംഭവത്തിൽ കഴക്കൂട്ടം സോണൽ ഓഫീസിലെ കാഷ്യറുടെ ചുമതല വഹിക്കുന്ന കെ.അനിസിൽകുമാറിനെ മേയർ സസ്‌പെൻഡ് ചെയ്തു.
2019-20, 20-21, 21-22 എന്നീവർഷത്തെ ടാർ കട്ടിംഗുമായി ബന്ധപ്പെട്ട രേഖകൾ പരശോധിച്ചതിൽ 2019-20 വർഷത്തിൽ ടാർ കട്ടിംഗിന് ഒടുക്കുന്ന ഫീസ് തുകയടങ്ങിയ രസീത് പകർപ്പ് എടുത്ത് ടാർ കട്ടിംഗിന് അനുമതിയ്ക്കായി എഞ്ചിനീയറിംഗ് വിഭാഗത്തിൽ നൽകുകയും ഒറിജിനൽ രസീത് ക്യാൻസൽ ചെയ്തിട്ടുള്ളതായും കണ്ടെത്തി. ഇത്തരത്തിൽ നാല് രസീതുകളാണ് കണ്ടെത്തിയത്. ആകെ 28,171/ രൂപയാണ് തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിട്ടുള്ളത്.
കാഷ്യറാണ് പ്രഥമദൃഷ്ടാ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സസ്‌പെൻഷൻ നടപടിയെടുത്തത്. സമാനമായ രീതിയിൽ മറ്റ് സോണൽ ഓഫീസിലും മെയിൻ ഓഫീസിലും തട്ടിപ്പ് നടന്നിട്ടുണ്ടോയെന്നും കഴക്കൂട്ടം സോണൽ ഓഫീസിൽ മറ്റേതെങ്കിലും ജീവനക്കാർക്ക് പണം തട്ടിയതിൽ പങ്കുണ്ടോയെന്നും അടിയന്തിരമായി പരിശോധന നടത്തുമെന്നും കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുമെന്നും മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചു.