nagaland

ന്യൂഡൽഹി: നാഗാലാൻഡിൽ വിഘടനവാദികളെന്ന് തെറ്റിദ്ധരിച്ച് 14 ഗ്രാമീണരെ സൈന്യം വെടിവച്ചു കൊന്ന സംഭവത്തിൽ പ്രതിഷേധിച്ച് നാഗ സ്റ്റുഡന്റ്സ് ഫെഡറേഷൻ തലസ്ഥാന നഗരമായ കൊഹിമയിൽ വൻ റാലി നടത്തി. കൊല്ലപ്പെട്ടവർക്ക് നീതി ലഭിക്കുക, അഫ്സ്‌പ നിയമം പിൻവലിക്കണമെന്നും ആവശ്യപ്പെട്ടുള്ള ബാനറുകളും പ്ലക്കാർഡുകളുമേന്തിയ ആയിരക്കണക്കിന് പേരാണ് തെരുവിൽ അണിനിരന്നത്.

കോന്യാക് യൂണിയന്റെ നേതൃത്വത്തിൽ തുടങ്ങിയ പ്രതിഷേധം കഴിഞ്ഞ രണ്ട് ദിവസമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ദേശീയ ആഘോഷങ്ങളിൽ നിന്നും സൈന്യത്തിന്റെ പരിപാടികളിൽ നിന്നും വിട്ടുനിൽക്കാൻ പ്രതിഷേധ സംഘടനകൾ ആഹ്വാനം ചെയ്തിട്ടുണ്ട്. സൈനിക റിക്രൂട്ട്മെന്റ് പരിപാടികൾ അനുവദിക്കില്ലെന്നും ഇവർ അറിയിച്ചു.

ഗ്രാമീണർ വെടിയേറ്റ് മരിച്ച മോൺ ജില്ലയിലും പ്രതിഷേധം ശക്തമായി തുടരുകയാണ്. ഇവിടെ ആഹ്വാനം ചെയ്ത ബന്തിൽ കടകമ്പോളങ്ങളും സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. നാഗാലാൻഡിലെ കിഴക്കൻ മേഖലയിലെ പല ജില്ലകളിലും ജനം തെരുവിലിറങ്ങി.