preg

ഒട്ടാവ: ഗർഭപാത്രത്തിന് പുറത്ത് ഭ്രൂണം വളരുകയെന്നത് അപൂർവം സംഭവിക്കാവുന്ന ഒരു പ്രതിഭാസമാണ്. എന്നാൽ കരളിനുള‌ളിൽ ഭ്രൂണം വളരുകയാണെങ്കിലോ? അത്തരമൊരു സംഭവമാണ് കാനഡയിൽ നടന്നത്. മനിടോബയിലെ ശിശുരോഗ വിദഗ്ദ്ധനായ ഡോ. മൈക്കെൽ നാർവെയുടെ ടിക് ‌ടോക് വീഡിയോയിലാണ് ഈ സംഭവത്തെ കുറിച്ച് പ്രതിപാദിക്കുന്നത്.

14 ദിവസമായി നിലയ്‌ക്കാത്ത ആർത്തവ രക്തസ്രാവം കാരണമാണ് 33കാരിയായ യുവതി ഡോക്‌‌ടറുടെ അടുത്തെത്തിയത്. വിശദമായി ഡോക്‌ടർ പരിശോധിച്ചപ്പോൾ ഗർഭാശയത്തിന് പുറത്ത് കരളിനുള‌ളിൽ ഗർഭം വളരുന്ന അവസ്ഥയാണെന്ന് കണ്ടെത്തി. ഗർഭാശയത്തിന് പുറത്ത് ഭ്രൂണം വളരുന്ന ഈ അവസ്ഥയിൽ സാധാരണ അണ്ഡവാഹിനി കുഴലിൽ ഭ്രൂണം വളരുന്നതാണ് കണ്ടെത്താറ്. എന്നാൽ ഇത്തരത്തിൽ അപൂർവമായേ കണ്ടെത്താറുള‌ളു.അമേരിക്കയിലെ മയോ ക്ളിനിക് അധികൃതരും ഇത് അത്യപൂർവമാണെന്ന് രേഖപ്പെടുത്തി. 1964നും 1999നുമിടയിൽ വെറും 14 കേസുകളാണ് ലോകമാകെ ഇത്തരത്തിൽ റിപ്പോർട്ട് ചെയ്‌തത്.

താൻ ഇത്തരത്തിൽ കാണുന്ന ആദ്യ കേസാണിതെന്ന് വീഡിയോയിൽ ഡോ.മൈക്കെൽ നാർവെ പറയുന്നു. 'ഇത്തരത്തിൽ ഗർഭം സാദ്ധ്യമാണ് കാരണം അണ്ഡവും ബീജവും യോജിച്ച ശേഷം ഭ്രൂണമായി അണ്ഡവാഹിനി കുഴലിലൂടെ സഞ്ചരിച്ച് എവിടെയെങ്കിലും എത്തിച്ചേരാം. ഇവിടെ യുവതിയ്‌ക്ക് അത്തരത്തിൽ ഭ്രൂണം സഞ്ചരിച്ച് കരളിലെത്തിച്ചേർന്നു.' ഡോക്‌ടർ പറയുന്നു.