captain-varun-singh

ന്യൂഡൽഹി: കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയവെ അന്തരിച്ച ഗ്രൂപ്പ് ക്യാപ്ടൻ വരുൺ സിംഗിന്റെ (39) മൃതദേഹം പൂർണ സൈനിക ബഹുമതികളോടെ ഇന്നലെ ഭോപ്പാലിലെ ബൈറാഗഢ് ശ്‌മശാനത്തിൽ സംസ്കരിച്ചു. വരുൺസിംഗിന്റെ സഹോദരനും മകനുമാണ് അന്ത്യകർമ്മങ്ങൾ നിർവഹിച്ചത്. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, ബി.ജെ.പി, കോൺഗ്രസ് പാർട്ടികളിൽ നിന്നുള്ള നേതാക്കൾ തുടങ്ങിയവർ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തു. ആയിരക്കണക്കിനാളുകൾ വിലാപയാത്രയിൽ അണിനിരന്നു.

വ്യാഴാഴ്ചയാണ് ശൗര്യചക്ര ജേതാവായ വരുൺ സിംഗിന്റെ മൃതദേഹം ബംഗളൂരു യെലഹങ്ക എയർബേസിൽ നിന്ന് സൈനിക വിമാനത്തിൽ ഭോപ്പാലിൽ എത്തിച്ചത്. 80 ശതമാനത്തിലേറെ പൊള്ളലേറ്റ വരുൺ സിംഗ് ബുധനാഴ്ച രാവിലെ ബംഗളൂരു കമാൻഡ് ഹോസ്പിറ്റലിൽ വച്ചാണ് മരണത്തിന് കീഴടങ്ങിയത്.