
തിരുവനന്തപുരം: വിദൂരസ്ഥലങ്ങളിൽ നിന്ന് ഓൺലൈനായി കുറ്റകൃത്യം നടത്തുന്നവരെ പിടികൂടാൻ ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്ന പൊലീസിന്റെ കഴിവ് പ്രശംസനീയമാണെന്ന് മന്ത്രി ആന്റണിരാജു പറഞ്ഞു. കേരള പൊലീസ് സൈബർഡോം തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഡ്രോൺ ഹാക്കത്തോണിൽ മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
അഞ്ചു വിഭാഗങ്ങളിലായി നടത്തിയ ഹാക്കത്തോണിൽ 43 ടീമുകൾ മത്സരിച്ചു. സർവൈലൻസ് ആന്റ് ഡ്രോൺ ഡവലപ്‌മെന്റ് വിഭാഗത്തിൽ ഗിരീഷ്.എൻ, വിജു രാജു എന്നിവർ ഒന്നാം സ്ഥാനം നേടി. ടീം എ.എക്സ്.എൽ ഡ്രോണിനാണ് രണ്ടാം സ്ഥാനം. ഹിന്റൻ ബർഗ്, മോനായി കുഞ്ഞായി, ആത്മേഗ റോബോട്ടിക്സ് എന്നീ ടീമുകൾ ഈ വിഭാഗത്തിൽ ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹരായി. എൻഡുറൻസ് ഡ്രോൺ/ ഹെവി ലിഫ്റ്റ് ഡ്രോൺ ഡെവലപ്‌മെന്റ് വിഭാഗത്തിൽ ടീം സൂപ്പർ ടെക്, ടീം ഡി ഡ്രോൺ എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനം നേടി. ടീം റാഡിക്കൽ മെക്കാനിസം ഈ വിഭാഗത്തിൽ പ്രത്യേകം പരാമർശിക്കപ്പെട്ടു. നാനോ ഡ്രോൺ ഡെവലപ്‌മെന്റ് വിഭാഗത്തിൽ ടീം ഫ്ളാറ്റോനോമേഴ്സ് ഒന്നും ടീം ഷേർ ലാബ്സ് രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. ആന്റി ഡ്രോൺ സൊലൂഷൻ ഡെവലപ്‌മെന്റ് വിഭാഗത്തിൽ ടീം തോമസ് എയ്‌റോ പ്രത്യേക പരാമർശത്തിന് അർഹരായി. ഡ്രോൺ ഫോറൻസിക് സൊലൂഷൻ ഡെവലപ്‌മെന്റ് വിഭാഗത്തിൽ ടീം ഡിജിറ്റൽ ഡിറ്റക്ടീവ്സ് ജൂറിയുടെ പ്രത്യേക പരാമർശം നേടി.