
സോൾ : സ്ത്രീകളെ പശുക്കളായി ചിത്രീകരിച്ച് പരസ്യമിറക്കി പുലിവാല് പിടിച്ച് കൊറിയൻ കമ്പനി. ദക്ഷിണ കൊറിയയിലെ പ്രമുഖ ഡയറി ബ്രാൻഡുകളിലൊന്നായ സോൾ മിൽക്കിന്റെ പരസ്യമാണ് ഏറെ വിവാദങ്ങൾക്ക് കാരണമായത്.പ്രകൃതി രമണീയമായ പ്രദേശത്ത് കൂടി ക്യാമറയുമായി നടക്കുന്നയാളെയാണ് പരസ്യത്തിന്റെ തുടക്കത്തിൽ കാണാൻ കഴിയുന്നത്. ഇതിനിടെ ഒരു കൂട്ടം സ്ത്രീകൾ യോഗ ചെയ്യുന്നതും അരുവികളിൽ നിന്ന് വെള്ളം കുടിക്കുന്നതുമെല്ലാം യുവാവ് കാണുന്നു. ഈ സ്ത്രീകളെ അയാൾ ക്യാമറയിൽ ചിത്രീകരിക്കുന്നതിനിടെ നിലത്ത് കിടക്കുന്ന ഒരു കമ്പിൽ തട്ടി ഇയാൾ വീഴാൻ പോകുന്നു. ശബ്ദം കേട്ട് തിരിഞ്ഞുനോക്കിയ സ്ത്രീകളുടെ കൂട്ടത്തിൽനിന്നൊരാൾ ക്യാമറയുമായി നിൽക്കുന്ന ആളെ കാണുന്നു. അടുത്ത ഷോട്ടിൽ ഈ സ്ത്രീകളെല്ലാം പശുക്കളായി നിൽക്കുന്നതാണ് പരസ്യം. അതിന് ശേഷം 'ശുദ്ധമായ ജലം, ജൈവാഹാരം, 100 ശതമാനം സംശുദ്ധമായ സോൾ പാൽ.. ചിയോങ്യാങ്ങിലെ അതിമനോഹരമായ പ്രകൃതിയിൽ നിന്നുള്ള തികച്ചും പ്രകൃതിദത്തമായ പാൽ..' എന്ന പരസ്യവാചകം എഴുതിക്കാണിക്കുന്നു. നവംബർ 29 നാണ് പരസ്യം റിലീസ് ചെയ്തത്. 52 സെക്കൻഡ് ദൈർഘ്യമുള്ള ഈ പരസ്യത്തിലൂടെ തങ്ങളുടെ ഉത്പന്നങ്ങളിൽ കൃത്രിമമില്ലെന്ന് കാണിക്കുകയായിരുന്നു കമ്പനി ലക്ഷ്യമിട്ടത്. എന്നാൽ ലിംഗവിവേചനവും സ്ത്രീകളുടെ മോശമായ ചിത്രീകരണവും പ്രോത്സാഹിപ്പിക്കുന്നതാണ് ഇതെന്ന വിമർശനം ഉയർന്നതോടെ സോൾ മിൽക്ക് പരസ്യം പിൻവലിച്ചു. സോൾ മിൽക്കിന്റെ മാതൃസ്ഥാപനമായ സോൾ ഡയറി കോ ഓപ്പറേറ്റീവും ക്ഷമാപണവുമായി രംഗത്തെത്തി. ഈ വിഷയം ഗൗരവമായി വിശകലനം ചെയ്യും.ഭാവിയിൽ സമാനമായ സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ കൂടുതൽ ശ്രദ്ധ പുലർത്തുന്നതായിരിക്കും. പരസ്യം ഏതെങ്കിലും തരത്തിൽ ആർക്കെങ്കിലും ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു. മുൻപ് 2003 ൽ ഇതേ കമ്പനി പുതിയ ഉത്പന്നങ്ങൾ പുറത്തിറക്കുന്നതിന്റെ ഭാഗമായി, നഗ്നരായ സ്ത്രീകൾ തൈര് ദേഹത്ത് സ്‌പ്രേ ചെയ്യുന്ന പരസ്യം പുറത്തിറക്കിയത് ഏറെ വിവാദങ്ങൾക്ക് കാരണമായിരുന്നതായി ദക്ഷിണ കൊറിയൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.