
ന്യൂഡൽഹി: ഭൂട്ടാൻ സർക്കാരിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ നഗ്ദാഗ് പെൽ ജി ഖോർലോ പുരസ്കാരം (Ngadag Pel gi Khorlo) പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് നൽകാൻ തീരുമാനിച്ചതായി ഭൂട്ടാൻ പ്രധാനമന്ത്രി ഡോ. ലോട്ടേ ഷേറിംഗ് അറിയിച്ചു. ഭൂട്ടാൻ ദേശീയ ദിനാചരണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രഖ്യാപനം. ഭൂട്ടാൻ രാജാവ് ജിഗ്‌മെ ഖേസർ നാംഗ്യാൽ വാങ്ങ്ചുക്ക് ആണ് പരമോന്നത സിവിലിയൻ ബഹുമതിക്ക് നരേന്ദ്ര മോദിയുടെ പേര് നിർദ്ദേശിച്ചത്. കൊവിഡ് കാലത്ത് ഉൾപ്പെടെ ഇന്ത്യ പകർന്ന് നൽകിയ ഉപാധികളില്ലാത്ത സൗഹൃദത്തെ രാജാവ് പ്രശംസിച്ചതായി പ്രധാനമന്ത്രി ലോട്ടേ പറഞ്ഞു. ഇതിന് ഭൂട്ടാനിലെ ജനങ്ങൾ അഭിനന്ദനം അറിയിക്കുകയാണ്.
' ഓർഡർ ഒഫ് ദ ഡ്രക്ക് ഗ്യാൽപോ " എന്നും അറിയപ്പെടുന്ന ഈ ബഹുമതി സ്വന്തമാക്കുന്ന നാലാമത്തെ പ്രധാന വ്യക്തിയാണ് മോദി. ഭൂട്ടാനിലെ തന്നെ മുതിർന്ന രണ്ട് പുരോഹിതർക്കും ഒരു രാജകുടുംബാംഗത്തിനുമാണ് ഇതിന് മുന്നേ ഈ പുരസ്കാരം ലഭിച്ചത്.
നരേന്ദ്ര മോദി ഇതിന് വളരെയേറെ അർഹിക്കുന്നതായും ഭൂട്ടാൻ പ്രധാനമന്ത്രി ഫേസ്‌ബുക്കിൽ കുറിച്ചു. ഭൂട്ടാന്റെ അംഗീകാരത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി നന്ദി അറിയിച്ചു. ഹിമാലയൻ രാജ്യമായ ഭൂട്ടാന് കൊവിഡ് പ്രതിരോധ വാക്സിൻ ഉൾപ്പെടെയുള്ള സഹായങ്ങൾ ഇന്ത്യ നൽകിയിരുന്നു.