
ന്യൂഡൽഹി: പൂനെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിക്കുന്ന കൊവിഡ് വാക്സിനായ കോവോവാക്സിന് അടിയന്തര ഉപയോഗത്തിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം. നിർദ്ധന രാജ്യങ്ങൾക്ക് കൊവിഡ് വാക്സിൻ നൽകുന്ന കൊവാക്സ് പദ്ധതിയിലുൾപ്പെടുത്തുന്നതിന്റെ ഭാഗമായാണ് അനുമതി. ഈ വാക്സിന് ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചിട്ടില്ല. യുഎസ് ആസ്ഥാനമായുള്ള നോവാവാക്സുമായി ചേർന്നാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് കോവോവാക്സ് നിർമ്മിക്കുന്നത്.
പ്രോട്ടീൻ അടിസ്ഥാനമാക്കിയുള്ള രണ്ടു ഡോസ് കോവോവാക്സിന് കൊവിഡിനെ 90ശതമാനം പ്രതിരോധിക്കാൻ കഴിയുമെന്നാണ് പഠനങ്ങളിൽ തെളിഞ്ഞത്. വാക്സിൻ സുരക്ഷിതവും ഗുണനിലവാരമുള്ളതുമാണെന്ന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഒഫ് ഇന്ത്യയും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ഫോർ എമർജൻസി യൂസും ശുപാർശ ചെയ്തിരുന്നു.
സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീൽഡിനും നിലവിൽ ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുണ്ട്. കോവോവാക്സിന് ഡബ്ലിയു.എച്ച്.ഒയുടെ അനുമതി ലഭിച്ചത് കൊവിഡിനെതിരായ പോരാട്ടത്തിലെ നിർണായക കാൽവയ്പാണെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി അദാർ പൂനവാല പറഞ്ഞു.